പരിയാരം: ചിതപ്പിലെപൊയിൽ പളുങ്കുബസാറിൽ ആളില്ലാത്ത വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും കവർന്നു. പളുങ്കുബസാറിലെ നാജിയാ മൻസിലിൽ മാടാളൻ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. അബ്ദുള്ളയും കുടുംബവും വെള്ളിയാഴ്ച്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് പോയിരുന്നു.
വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രിൽസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറ പരിശോധിച്ചതിൽ രാത്രി 9.50ന് ഗ്രിൽസ് മുറിക്കുന്നതിന്റെ തീപ്പൊരി സ്പാർക്ക് കാണുന്നുണ്ട്. ശനിയാഴ്ച്ച പുലർച്ചെ ഒന്നോടെ വീട്ടുകാർ പള്ളിയിൽ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രി തന്നെ പൊലീസിൽ വിവരമറിയിച്ചതു പ്രകാരം പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവാസിയായ അബ്ദുള്ള അവധിക്ക് നാട്ടിൽ വന്നതായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെയും പ്രദേശത്തെ മറ്റ് സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടുകാരുടെ നീക്കങ്ങളെല്ലാം അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. മോഷ്ടാക്കളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |