കൊടുങ്ങല്ലൂർ: ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായുള്ള പരാതി, സ്വർണം പരാതിക്കാരിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി. 49 പവന്റെ സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. കാണാതായെന്ന് പറഞ്ഞ സ്വർണ ആഭരണങ്ങൾ വലപ്പാടുള്ള ബന്ധുവിന്റെ വീട്ടിൽ മറന്നു വച്ചതാണെന്ന് ലോക്കറിന്റെ ഉടമ പത്ത് ദിവസം കഴിഞ്ഞ് പൊലീസിനെ അറിയിച്ചു.
എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങൾ കാണാതായതായതായി കൊടുങ്ങല്ലൂർ പൊലീസിൽ എഴുതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
തന്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 110 പവൻ തൂക്കമുള്ള സ്വർണാഭരണങ്ങളിൽ നിന്നും അറുപതോളം പവൻ കാണാതായി എന്നായിരുന്നു സുനിതയുടെ ആദ്യ പരാതി. എന്നാൽ അടുത്ത ദിവസം പൊലീസിന് നൽകിയ മൊഴിയിൽ ഏഴുപതോളം പവൻ ആഭരണം നഷ്ടപ്പെട്ടതായി സുനിത പറഞ്ഞിരുന്നു. ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇതിനിടയിൽ ടൗൺ ബാങ്ക് ബ്രാഞ്ച് മാനേജരും പൊലീസിൽ പരാതി നൽകിയിരുന്നു.
സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലുമാണുണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാകുകയുള്ളു. ഈ സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ലോക്കറുടമ പൊലീസിനെ അറിയിച്ചത്. ലോക്കറിൽ നിന്നെടുത്ത സ്വർണം ബന്ധുവിന്റെ വീട്ടിൽ ഇവരുടെ സ്ഥലത്തിന്റെ ആധാരത്തോടൊപ്പം മറന്നുവയ്ക്കുകയായിരുന്നുവെന്നാണ് ഉടമ സുനിത പറയുന്നത്. സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്ന് സംശയത്തിന്റെ നിഴലിലായ ടൗൺ സഹകരണ ബാങ്ക് സത്യാവസ്ഥ പുറത്ത് വന്നതിലൂടെ സ്ഥാപനത്തിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. വ്യാജ പരാതിക്കെതിരെ ബാങ്ക് നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ വെളിപ്പടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |