മുണ്ടക്കയം: പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിന് സമീപത്ത് മോഷണം വർദ്ധിക്കുന്നതായി പരാതി. ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കുത്തിത്തുറന്ന് പണവും അനുബന്ധ രേഖകളും മോഷ്ടിക്കുന്നത് പതിവായി മാറി. 35-ാം മൈൽ സ്വദേശി കുന്നിൽ വിനോദ് കുമാറിന്റെ 5000 രൂപയും ആധാർ കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും മോഷ്ടാക്കൾ അപഹരിച്ചു. വിനോദ് കുമാർ പൊലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ പൈങ്ങന ബിവറേജ് ഔട്ട്ലെറ്റിന് സമീപം വെച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ജംഗ്ഷന് സമീപം സർവീസ് നടത്തുന്ന രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണവും മോഷ്ടാക്കൾ കവർന്നു. വിദേശ മദ്യ വിൽപ്പന ശാലയിലേക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് ആവശ്യങ്ങൾ നിറവേറ്റി മടങ്ങി എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓട്ടോറിക്ഷകളുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന് ഇതിൽ സൂക്ഷിക്കുന്ന പണവും രേഖകളുമാണ് മോഷ്ടാക്കൾ കവരുന്നത്. ബിവറേജ് ഔട്ട്ലെറ്റും സമീപപ്രദേശങ്ങളും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപമുണ്ട്. പലപ്പോഴും ഇവിടെ വാക്കു തർക്കവും തമ്മിലടിയും പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |