#കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി നാലിന്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദമാക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നാലിന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ആരായും.. നവകേരള സദസ് ബഹിഷ്കരിക്കുമെന്ന നിലപാടാണ് യു.ഡി.എഫ് എടുത്തിട്ടുള്ളതെങ്കിലും ,സർക്കാർ പരിപാടിയെന്ന നിലയ്ക്ക് ഇതേക്കുറിച്ചും പുനരാലോചന ഉണ്ടായേക്കും.
രാഷ്ട്രീയകാര്യ സമിതിയിൽ ഒഴിവുകൾ നികത്തുന്നതും ചർച്ചയായേക്കും.സംസ്ഥാന കോൺഗ്രസിലെ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് രാഷ്ട്രീയകാര്യ സമിതിയാണ്. അന്തരിച്ച ഉമ്മൻചാണ്ടി, സി.പി.എം പാളയത്തിലേക്ക് ചുവടു മാറ്റിയ കെ.വി.തോമസ്, പി.സിചാക്കോ എന്നിവരുടെ ഒഴിവുകൾ നികത്തണം.. പകരക്കാരായി ജോസഫ് വാഴയ്ക്കൻ, സണ്ണി ജോസഫ്, അജയ് തറയിൽ, വി.എസ്.ശിവകുമാർ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു. ഒരു വനിതയെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈക്കമാൻഡ് പ്രതിനിധികളായ കൊടിക്കുന്നിൽ സുരേഷ്, പ്രൊഫ: പി.ജെ. കുര്യൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ഷാനിമോൾ ഉസ്മാൻ, ടി.എൻ. പ്രതാപൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ തുടങ്ങിയ നേതാക്കളാണ് സമിതിയിലുള്ളത്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ സി.വി. പത്മരാജനും തെന്നല ബാലകൃഷ്ണപിള്ളയും അനാരോഗ്യം കാരണം കഴിഞ്ഞ കുറേനാളുകളായി യോഗത്തിൽ പങ്കെടുക്കാറില്ല. കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം മൂലം മുല്ലപ്പള്ളി രാമചന്ദ്രനും എത്താറില്ല. വി.എം. സുധീരൻ സമിതിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. കെ. മുരളീധരൻ ചില യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കാറുള്ളത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |