കൊടുങ്ങൂർ: എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് വാഴൂർ ഗ്രാമപഞ്ചായത്ത്. 500 കുടുംബങ്ങൾക്ക് 2.5 കോടി രൂപ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്ന ആറ് കുടിവെള്ള പദ്ധതികൾ അവസാനഘട്ടത്തിലാണ്. ഒന്നാം വാർഡിലെ നെടുമാവ് മഹാത്മ കുടിവെള്ളപദ്ധതി, മൂന്നാം വാർഡിലെ പേഴുന്താനം കൂടിവെള്ളപദ്ധതി, ഏഴാം വാർഡിലെ തേക്കാനം ഏറെതാത്തയിൽ കുടിവെള്ളപദ്ധതി, എട്ടാം വാർഡിലെ തത്തംപള്ളിക്കുന്ന് കുടിവെള്ള പദ്ധതി, പതിമൂന്നാം വാർഡിലെ പാറാംതോട് കുടിവെള്ളപദ്ധതി, പതിനഞ്ചാം വാർഡിലെ പേർഷ്യൻ കോളനി ചെല്ലിമറ്റം കുടിവെള്ളപദ്ധതി എന്നിവയുടെ നിർമ്മാണമാണ് അതിവേഗം പുരോഗമിക്കുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. മഹാത്മാ കുടിവെള്ളപദ്ധതി നെടുമാവ് കോളനി പ്രദേശത്തെ 50 വീട്ടുകാർക്കും പേഴുന്താനം കുടിവെള്ള പദ്ധതി പേഴുന്താനം പ്രദേശത്തെ 40 വീട്ടുകാർക്കും തേക്കാനം ഏറെതാത്തയിൽ കുടിവെള്ള പദ്ധതി ഏറെതാത്തയിൽ കല്ലുതെക്കേൽ പതിനേഴാം മൈൽ ഭാഗത്തെ 70 വീട്ടുകാർക്കും തത്തം പള്ളിക്കുന്ന് കുടിവെള്ള പദ്ധതി തത്തപ്പള്ളികുന്ന് ആയില്യംകാവ് ഭാഗത്തെ 90 വീട്ടുകാർക്കും പാറാംതോട് കുടിവെള്ള പദ്ധതിയിൽ പാറാംതോട് പുതുപ്പള്ളിക്കുന്ന് കീച്ചേരിപ്പടി ഭാഗത്തെ 90 വീട്ടുകാർക്കും പേർഷ്യൻ കോളനി കുടിവെള്ള പദ്ധതിയിൽ പേർഷ്യൻ കോളനി ചെല്ലിമറ്റം ഭാഗത്ത് 70 വീട്ടുകാർക്കുമാണ് തുടക്കത്തിൽ കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നത്.
വൈകില്ല ജലവിതരണം
തേക്കാനം ഏറെതാത്തയിൽ, പേഴുന്താനം, പേർഷ്യൻ കോളനി കുടിവെള്ള പദ്ധതിതികൾ ഡിസംബറിലും മറ്റ് മൂന്ന് പദ്ധതികൾ മാർച്ചിന് മുമ്പായും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിൽ 26 ചെറുകിട കുടിവെള്ളപദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 2000 കുടുംബങ്ങൾ ഈ ചെറുകിട പദ്ധതികളെ ആശ്രയിച്ചാണ് കഴിയുന്നത്.
നിലവിലുള്ള കുടിവെള്ള പദ്ധതികൾ ശക്തിപ്പെടുത്തിയും പുതിയ പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തിയാക്കിയും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. വി.പി. റെജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |