കൊല്ലം: മകനുമായി ഒരു മണിക്കൂറോളം ഫോണിൽ സംസാരിക്കുകയും ജൻമദിനാശംസകൾ നേരുകയും ചെയ്ത മാതാപിതാക്കൾ അടുത്ത മണിക്കൂറിൽ കേട്ടത് ഏകമകന്റെ വിയോഗ വാർത്ത.
കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ മംഗള ഭാനുവിന്റെയും കൊറ്റംകുളങ്ങര വി.എച്ച്.എസ്.എസ് റിട്ട. ക്ലാർക്ക് കെ. സുപ്രിയയുടെയും ഏക മകനാണ് ഗോതുരുത്ത് കായലിൽ കാർ മറഞ്ഞ് മരിച്ച ഡോ. അദ്വൈത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജന്മദിനാഘോഷം കഴിഞ്ഞ് കൊടുങ്ങല്ലൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ വഴിതെറ്റി ഗോതുരുത്ത് വള്ളം കളി നടക്കുന്ന കായലിൽ വീഴുകയും അദ്വൈതിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തത്.
അദ്വൈതിന്റെ 28-ാം ജന്മദിനമായിരുന്നു ഇന്നലെ. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്ത് ജന്മദിനം ആഘോഷിക്കാൻ കൊച്ചിയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. എത്ര ജോലിതിരക്കിനിടയിലും എന്നും മാതാപിതാക്കളുമായി കുറച്ച് നേരം സംസാരിക്കാൻ അദ്വൈത് സമയം കണ്ടെത്തുമായിരുന്നു. കഴിഞ്ഞ ദിവസം ജന്മദിനം ആശംസിക്കാനായി മാതാപിതാക്കൾ അദ്വൈതിനെ വിളിക്കുകയും മൂവരും തമ്മിൽ പതിവിലേറെ ഒരുമണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടം അറിഞ്ഞത്.
ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾക്കിടയിലാണ് അദ്വൈതിന്റെ അപ്രതീക്ഷിത വിയോഗം. നാലു വർഷം മുൻപ് പാലക്കാട് കരുണ മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബിഎസ് പാസായത്. തുടർന്ന് ഹൗസ് സർജൻസിക്കു ശേഷം പാലത്തറയിലെ എൻ.എസ് സഹകരണ ആശുപത്രി കൊട്ടിയം ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. നാല് മാസം മുൻപാണ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
ഇന്ന് രാവിലെ പാലത്തറ ബോധിനഗറിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം രാവിലെ 11.30ന് ചവറയിലെ മാതാവിന്റെ കുടുംബ വീടായ പത്തിശേരിയിൽ സംസ്‌കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |