മലപ്പുറം: സ്ത്രീകൾ തട്ടം മാറ്റി തുടങ്ങിയത് സിപിഎം കേരളത്തിൽ വളരുന്നതിന്റെ സൂചനയാണെന്ന സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. അനിൽകുമാർ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മുസ്ലിം സമുദായം വിദ്യാഭ്യാസരംഗത്തടക്കം നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വവിരുദ്ധ തീവ്രനവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
അനിൽകുമാറിനെതിരെ സമസ്‌ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. തട്ടം തട്ടി മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ല. തട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. താൽപര്യമില്ലാത്തവർ തട്ടം ധരിക്കാറില്ല. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അബ്ദു സമദ് പൂക്കോട്ടൂർ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |