ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. "ന്യൂസ് ക്ലിക്ക്" ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ടാണ് മാദ്ധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പരിശോധന നടത്തുന്നത്.
ന്യൂസ് പോർട്ടലിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു. യു എ പി എ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനുപിന്നാലെയാണ് റെയ്ഡ്. ഡൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ്‌ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് ഇ ഡി ന്യൂസ് പോർട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ന്യൂസ് പോർട്ടൽ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇ ഡി നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |