പത്തനംതിട്ട: വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ട് സഞ്ചരിച്ച കാർ റെയിൽവേ അടിപ്പാതയിൽ മുങ്ങി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. വയോധികൻ ഉൾപ്പെടെ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാർ ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എംസി റോഡിനെയും ടികെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവേ അടിപ്പാതയിലാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്ത് നിന്നും കവിയൂരിലേയ്‌ക്ക് പോവുകയായിരുന്നു ഇവർ. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാർ മുന്നോട്ടെടുത്തത്. ഇതോടെ കാർ തിരിച്ചുകയറ്റാനാകാത്ത വിധം വെള്ളത്തിൽപ്പെട്ടു. കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
മണിമലയാറിൽ നിന്ന് നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ നിലവിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളമുണ്ട്. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. വെള്ളക്കെട്ട് നീക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം പലതരത്തിൽ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |