രണ്ടാം ലോകമഹായുദ്ധത്തിൽ മനുഷ്യനെ മതം നോക്കി, രാഷ്ട്രീയം നോക്കി തരം തിരിച്ച് ഫാസിസ്റ്റുകൾ ലക്ഷങ്ങളെ കൊല ചെയ്തതിന്റെ പശ്ചാത്തലത്തിൽ വിശ്വ പ്രസിദ്ധ സംവിധായകൻ സ്റ്റീവ് മക്വീൻ 'ഒക്യൂപൈഡ് സിറ്റി'യുമായി വരുന്നു, ഈ ആഴ്ച തുടങ്ങുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫാസിസ്റ്റുകൾ ഭീകരത മാത്രം വിതച്ച് മനുഷ്യക്കുരുതി നടത്തിയ ആംസ്റ്റർഡാമിലെ നൂറ്റി മുപ്പതു കേന്ദ്രങ്ങൾ ഒരു ഡാർക്ക് ടൂറിസ്റ്റിനെപ്പോലെ സന്ദർശിക്കുകയാണ് സ്റ്റീവ് മക്വീൻ.
ജർമനിയുടെ ഫാസിസ്റ്റ് നേതാവ് ഹിറ്റ്ലർ നെതർലാന്റ് കീഴടക്കി ജൂത വംശജരെ യുദ്ധ സമയത്തും അതിനു മുൻപും തെരഞ്ഞു പിടിച്ചു പീഡിപ്പിച്ചു കൊല ചെയ്തതിന്റെ ചരിത്രം ഒളിപ്പിക്കുന്ന കേന്ദ്രങ്ങൾ ഓരോന്നും നമ്മൾ കാണുന്നു. ഇപ്പൊൾ എന്തിനാണ് ആ ഇരുണ്ട ചരിത്രത്തിലേക്ക് പോകുന്നത്? സംവിധായകൻ സ്റ്റീവ് മക്വീന്റെ മറുപടിയിൽ ഒരു പടു കൂറ്റൻ മണി പിടിച്ചടിക്കുന്നതു പോലെ ഒരു വലിയ മുന്നറിയിപ്പുണ്ട്. 'നമ്മുടെ കിടക്കയ്ക്കടിയിലും, കതകിനു പിന്നിലും ഫാസിസത്തിന്റെ അപകടം പതിയിരിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ.'ഓർമ്മയുണ്ടായിരിക്കണം അല്ലെങ്കിൽ ചരിത്രം ആവർത്തിക്കും എന്ന് പറയുകയാണ് ചിത്രം.
ചിത്രകാരൻ എന്ന നിലയിൽ ബ്രിട്ടനിലെ ഏറ്റവും പ്രധാനപ്പെട്ട, റ്റേർണർ പ്രൈസ് നേടിയ ശേഷം ചലച്ചിത്രത്തിലേക്ക് വന്നയാളാണ് സ്റ്റീവ് മക്വീൻ എന്ന ആഫ്രോ കരീബിയൻ പശ്ചാത്തലത്തിൽ നിന്നും വന്ന സംവിധായകൻ. നോർത്തേൺ അയർലണ്ടിലെ സമരങ്ങളുടെ ഭാഗമായി ജയിലിൽ വച്ച് നിരാഹാര സമരം നടത്തി മരണം വരിച്ച ബോബി സാൻഡ്സിന്റെ ജീവിതത്തെ അധികരിച്ചു സംവിധാനം ചെയ്ത 'ഹങ്കർ', മറ്റൊരു ചരിത്ര സംഭവത്തെ അധികരിച്ചുള്ള നോട്ടിങ് ഹില്ലിലെ 'മാൻ ഗ്രോവ്', '12 ഇയേഴ്സ് എ സ്ലേവ്' എന്നീ ചിത്രങ്ങൾ കൊണ്ട് ചുരുങ്ങിയ കാലത്തിനിടയിൽ തന്റെ പുതിയ തട്ടകത്തിൽ അന്തർദ്ദേശീയ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് സ്റ്റീവ് മക്വീൻ.
നാലര മണിക്കൂർ ദൈർഘ്യമുള്ള 'ഒക്യൂപൈഡ് സിറ്റി' എന്ന ഈ ഡോക്യൂമെന്ററി ചിത്രത്തിന്റെ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ രണ്ടു പ്രദർശനത്തിന്റെ ടിക്കറ്റുകളും ദിവസങ്ങൾക്കകം വിറ്റു തീർന്നു. (ചിത്രത്തിൽ സംവിധായകൻ സ്റ്റീവ് മക്വീനും, സഹധർമണിയും എഴുത്തുകാരിയുമായ ബിയാങ്ക സ്റ്റി്ര്രഗറും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |