കണ്ണൂർ: ഭരണകൂട ശക്തികൾക്കെതിരായി ആശയപരമായ സമരത്തിലേർപ്പെടാൻ ഒരു ശക്തിയെയും തങ്ങൾ അനുവദിക്കില്ലെന്ന സ്വേച്ഛാധിപത്യപരമായ സമീപനമാണ് മാദ്ധ്യമരംഗത്ത് ഇപ്പോൾ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഇത്. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
'സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്‌ഡ് നടന്നുവെന്ന വാർത്ത വസ്തുതാപരമായി ശരിയല്ല. കർഷകസംഘത്തിന്റെയുൾപ്പെടെ സംഘടനാപ്രവർത്തനങ്ങൾ നടത്തുന്ന ഒരു കെട്ടിടസമുച്ചയമാണത്. അത് സീതാറാം യെച്ചൂരിയുടെ പേരിലുള്ളതാണ്. അവിടെ ചില പത്രപ്രവർത്തകർ താമസിക്കുന്നുണ്ട്. അവിടെ ന്യൂസ് ക്ളിക്കിന്റെ മാദ്ധ്യമപ്രവർത്തകനും താമസിക്കുന്നുണ്ട്. അങ്ങനെയാണ് റെയ്‌ഡ് നടക്കുന്നത്. പല മാദ്ധ്യമങ്ങൾക്കും എതിരായി ഇത്തരം കടന്നാക്രമണങ്ങൾ നടക്കുന്നുണ്ട്'- ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ വിവാദ തട്ടം പരാമർശത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. 'മുസ്ളീങ്ങളും സാധാരണ മനുഷ്യരും എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് യോജിപ്പില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഹിജാബ് പ്രശ്‌നത്തിൽ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശത്തിന്റെ ഭാഗമാണ്. അതിലേയ്ക്ക് കടന്നുകയറുന്ന നിലപാട് ഒരാളും സ്വീകരിക്കേണ്ടതില്ല. ഇന്ന വസ്‌ത്രമേ ധരിക്കാൻ പാടുള്ളൂവെന്ന് നിർദേശിക്കാനോ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കാനോ നമ്മളാരും ആഗ്രഹിക്കുന്നില്ല. അനിൽകുമാറിന്റെ ആ പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരം ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതില്ലെന്ന് നേരത്തെ തന്നെ പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ആ രീതിയിലുള്ള പരാമർശം വേണ്ടതില്ലായിരുന്നുവെന്നാണ് പാർട്ടിയുടെ നിലപാട്'- അനിൽ കുമാറിനെ തള്ളി എം വി ഗോവിന്ദൻ വ്യക്തമാക്കി. അനിൽ കുമാറിന്റെ പരാമർശത്തിനെതിരെ മുസ്ളീം ലീഗും സമസ്‌തയും എം എസ് എഫും അടക്കം രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |