ഇടുക്കി: പാർട്ടിയിൽ അംഗത്വം സ്വീകരിച്ച വൈദികനെ പള്ളി വികാരി ചുമതലയിൽ നിന്ന് സഭാനേതൃത്വം നീക്കിയതിൽ ഇടപെടേണ്ടതില്ലെന്ന് ബിജെപി. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസ് മറ്റത്തിനെതിരെയാണ് ഇടുക്കി രൂപത നടപടി സ്വീകരിച്ചത്. പ്രായമായവരെ താമസിപ്പിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് പുരോഹിതനെയിപ്പോൾ.
15 ദിവസം മുൻപാണ് ഫാ.കുര്യാക്കോസിന് അംഗത്വം നൽകിയതെന്നാണ് ബിജെപി വിശദമാക്കുന്നത്. കഴിഞ്ഞദിവസം പള്ളിയിൽവച്ച് വൈദികന് പാർട്ടി സ്വീകരണവും നൽകിയിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ നിയമപ്രകാരം വൈദികർ പരസ്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാൻ പാടില്ല. ഇത് വിശ്വാസികൾക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് സഭയുടെ വിശദീകരണം. അരമനയിൽ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് പുരോഹിതനെ പ്രായമായവരെ താമസിപ്പിക്കുന്നയിടത്തേയ്ക്ക് മാറ്റിയത്.
ബിജെപി ഇടുക്കി ജില്ലാ അദ്ധ്യക്ഷൻ കെ എസ് അജി നേരിട്ടെത്തിയായിരുന്നു ഫാ.കുര്യാക്കോസിന് ഷാൾ അണിയിച്ച് അംഗത്വം നൽകിയത്. ക്രൈസ്‌തവർക്ക് ചേരാൻ കൊള്ളില്ലാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു പാർട്ടി അംഗത്വത്തെക്കുറിച്ച് ഫാ.കുര്യാക്കോസ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |