കോട്ടയം: കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആർപ്പൂക്കര കുന്നുതൃക്ക കൈലാസഭവനിൽ കോട്ടയം ടൗൺ ഭാഗത്തെ കടത്തിണ്ണകളിലും ചിങ്ങവനം റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും മറ്റും താമസിച്ചുവരുന്ന പളനിസ്വാമി (ബാലൻ,58)നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കാരാപ്പുഴ മാളികപീടിക ചെറുകരകാവ് ശിവക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ താഴ് തകർത്ത് ഓഫീസ് മുറിക്കുള്ളിൽ വച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം മോഷ്ടിച്ചശേഷം കാണിക്ക വഞ്ചികൾ സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ പിടികൂടി. ചോദ്യംചെയ്യലിൽ തിരുനക്കര ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് പണവും സമീപത്തെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയുടെ താഴും കുത്തിത്തുറന്ന് കടയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും നട്ടാശ്ശേരി ഇടത്തിൽ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം കവർന്നതും ഇയാൾ തന്നെയാണെന്ന് പൊലീസിനോട് പറഞ്ഞു. ഇയാൾ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം മോഷണ കേസുകളിലെ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |