ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയത് സംസ്ഥാനം മാത്രം
കാസർകോട് : ആരോഗ്യ മന്ത്രാലയം പ്രതിവർഷം നൽകിവന്നിരുന്ന രണ്ടുകോടി വിലവരുന്ന മരുന്നുകളുടെ വിതരണം കൂടി നിർത്തിയതോടെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കേന്ദ്രസർക്കാർ പൂർണമായും കൈവിട്ടു. നേരത്തെ സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തിൽ സംസ്ഥാനസർക്കാരിന്റെ വിഹിതം ലഭിച്ചെങ്കിലും കേന്ദ്രസർക്കാർ തുക നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല.ഇതിന് പുറമെ എൻഡോസൾഫാൻ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിനൽകാനും കേന്ദ്രം ഇതുവരെ മുൻകൈയെടുത്തിട്ടില്ല.
എൻ.എച്ച്.എം മുഖേനയാണ് വർഷം തോറും രണ്ടു കോടിയുടെ മരുന്നുകൾ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയിരുന്നത്. അപസ്മാരം, അലർജി, തൈറോയിഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ മരുന്നുകൾ നകിയിരുന്നത്. സർക്കാർ ആശുപത്രി വഴി സൗജന്യ മരുന്നുകൾ കിട്ടാതായതോടെ വൻ തുക നൽകി മംഗ്‌ളൂരുവിലെ സ്വകാര്യമെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ് രോഗികൾ.
സ്ഥിരമായി ഉപയോഗിക്കേണ്ട മരുന്നുകൾ ലഭിക്കാതെ അസുഖം രൂക്ഷമായി മരണങ്ങളടക്കം ഇതിനകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. മരുന്നിന് പുറമെ പെൻഷനും ലഭിക്കാത്തതായതോടെ കടുത്ത ദുരിതത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതർ. 2017ലെ സുപ്രീംകോടതി വിധിപ്രകാരം 6000 ത്തോളം ദുരിതബാധിതർക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാനസർക്കാർ വിതരണം ചെയ്തു. ഏതാണ്ട് 300 കോടിയിലധികം രൂപയാണ് ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ ധനസഹായമായി നൽകിയത്. എന്നാൽ ഇത്രയും തുക സംസ്ഥാന സർക്കാർ നൽകിയിട്ടും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ നൽകുന്നതിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല.
കൈ കഴുകി കീടനാശിനി കമ്പനി
ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട കീടനാശിനി കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്രസർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ല. ദുരിതബാധിതർക്കുള്ള തുടർസഹായവും പെൻഷനും നൽകുന്നതിന് സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായിട്ടുണ്ട്.എന്നാൽ കേന്ദ്ര വിഹിതം വാങ്ങിച്ചെടുക്കുന്നതിന് സംസ്ഥാനം സമ്മർദം ചെലുത്തിയിട്ടുമില്ല. ഡി.വൈ.എഫ്.ഐ നൽകിയ ഹരജിയിൽ 2011 ലാണ് എൻഡോസൾഫാൻ നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. 2017 ഇതേ കോടതി സാമ്പത്തിക സഹായം അനുവദിക്കാനും നിർദ്ദേശം നൽകി. അതിനിടെ ദുരിതബാധിതരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ 1031 പേരെ ഇനിയും ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിലും കടുത്ത പ്രതിഷേധമുണ്ട്.
പതിനായിരത്തോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ നിന്നാണ് ഇത്രയും ദുരിത ബാധിതരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എന്നിട്ടാണ് ഒഴിവാക്കിയത്. തങ്ങളുടേത് അല്ലാത്ത കുറ്റം കൊണ്ട് ശിക്ഷ അനുഭവിക്കുകയാണ് ഈ പാവങ്ങൾ.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ,(എൻഡോസൽഫാൻ സമര സമിതി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |