തൃശൂർ: കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ പുനരുദ്ധാരണ നിധിയിൽ നിന്ന് സർക്കാർ സഹായം നൽകുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ. ചികിത്സയ്ക്കു പോലും പണം കിട്ടാതെ വലയുന്നവരാണ് പുതിയ സർക്കാർ നീക്കത്തിൽ പ്രതീക്ഷ വയ്ക്കുന്നത്.
നിക്ഷേപം സമാഹരിക്കാൻ സി.പി.എം നേതാക്കൾ രംഗത്തിറങ്ങുമെന്നതും ആശ്വാസമാണെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരുമോയെന്ന് ആശങ്കയുണ്ട്. കേരളാ ബാങ്ക് പണം നൽകുമെന്നായിരുന്നു തുടക്കം മുതൽ പറഞ്ഞതെങ്കിലും സാദ്ധ്യമല്ലെന്ന് ഇപ്പോൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, നബാർഡ് മാനദണ്ഡങ്ങളും വായ്പയ്ക്ക് ഈട് നൽകാൻ കരുവന്നൂർ ബാങ്കിന് നിലവിൽ ആസ്തിയില്ലാത്തതുമാണ് പ്രശ്‌നം.
കേരള ബാങ്കിൽ കരുവന്നൂർ ബാങ്കിന് നിലവിൽ 42 കോടി വായ്പയുണ്ട്. ഇതിനായി ആസ്തി ഈട് വച്ചിട്ടുണ്ട്. വായ്പാ കുടിശ്ശിക വരുത്തിയവരുടെ പതിനഞ്ച് വസ്തുക്കൾ ജപ്തി ചെയ്തെങ്കിലും ഇവ ബാങ്കിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല.
പുനരുദ്ധാരണ നിധിയിൽ നിന്ന് വായ്പയായാണ് തുക നൽകുക. ലാഭത്തിലുള്ള സഹകരണ ബാങ്കുകളുടെ കരുതൽധനത്തിൽ നിന്നുള്ള തുക ഇതിന് ഉപയോഗിക്കും. കരുവന്നൂരിനെ സഹായിച്ചാൽ തകർച്ച നേരിടുന്ന 400ലധികം സഹ. സംഘങ്ങളും സഹായ അഭ്യർത്ഥനയുമായി രംഗത്തുവരുമെന്ന് ആശങ്കയുമുണ്ട്. അർഹരായവർക്ക് കൊടുക്കാതിരുന്നാൽ അത് വിവാദനത്തിനും ഇടയാക്കും.
സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് എത്ര തുക നിക്ഷേപകർക്ക് തിരികെ നൽകാൻ നീക്കിവയ്ക്കുമെന്നതിലും അവ്യക്തതയുണ്ട്. ചുരുങ്ങിയത് നൂറ് കോടിയെങ്കിലും കിട്ടിയാൽ അത്യാവശ്യക്കാർക്ക് കൊടുക്കാനായേക്കും. വായ്പയായി കിട്ടുന്ന തുകയ്ക്ക് കരുവന്നൂർ ബാങ്ക് പലിശയും നൽകണം.
ജപ്തി നിറുത്തിയതും വിനയായി
ജപ്തി നടപടിയിലൂടെ കൂടുതൽ വസ്തുക്കൾ കരുവന്നൂർ ബാങ്കിന് ലഭിക്കുമായിരുന്നെങ്കിലും കുടിശ്ശികക്കാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയതിനാൽ ജപ്തി തുടരാനാകുന്നില്ല. തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് കാണിച്ച് സഹകരണ വകുപ്പിൽ ജപ്തി നേരിടുന്നവർ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പാകുംവരെ ഹൈക്കോടതി സ്റ്റേ നീക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |