SignIn
Kerala Kaumudi Online
Monday, 20 January 2020 6.24 PM IST

ക്രൈം ത്രില്ലർ നോവൽ - 'റെഡ് 88

novel-red

രാജമ്മ വേഗം തന്റെ മുറിയിലേക്കു പോയി. ഫോണെടുത്ത് സൂസനെ വിളിച്ചു.

തമിഴിൽ എന്തോ മറുപടി വന്നു.

ഔട്ട് ഓഫ് കവറേജ്!

രാജമ്മയ്ക്ക് അതു മനസ്സിലായി...

സമയം കടന്നുപോയി. പലതവണ രാജമ്മ വിളിച്ചുനോക്കിയെങ്കിലും സൂസനെ കിട്ടിയില്ല.

തന്നെ ഇനി മേഡം ഒപ്പം കൂട്ടില്ല. രാജമ്മയ്ക്ക് ഉറപ്പായി. കഴിഞ്ഞ അഞ്ചുവർഷമായി നിഴൽ പോലെ ഒപ്പം നടന്നിരുന്ന താൻ...

മുൻ ശുണ്ഠി അല്പം കൂടുതൽ ആയിരുന്നെങ്കിലും തന്റെ ആവശ്യങ്ങളെ മനസ്സിലാക്കി സഹായിച്ചിരുന്നു മേഡം. അതുകൊണ്ടുതന്നെ അരുതാത്തതു പലതും മുന്നിൽ കണ്ടപ്പോഴും കണ്ടില്ലെന്നു നടിച്ചിരുന്നു.

മുറിയിൽ നിന്നിറങ്ങാതെ രാജമ്മ കൈപ്പത്തിയിൽ ശിരസ്സു താങ്ങി ഇരുന്നു.

അല്പം കഴിഞ്ഞപ്പോൾ ചന്ദ്രകല തിടുക്കപ്പെട്ട് അവരെ വിളിച്ചു.

''രാജമ്മേ... ഇങ്ങോട്ടു വന്നേ... വേഗം..."

രാജമ്മ ചാടിയെഴുന്നേറ്റു. ചന്ദ്രകലയുടെ റൂമിലേക്കു ചെന്നു.

''നോക്കിയേ..."

പ്രജീഷ്, ടിവിയിലേക്കു കൈചൂണ്ടി.

രാജമ്മ നോക്കി.

അതിൽ സൂസന്റെ ചിത്രം!

അവർക്ക് ഉൾക്കിടിലമുണ്ടായി..

കമന്റേറ്ററുടെ ശബ്ദം:

''പുലർച്ചെ ഊട്ടിക്കുവന്ന വിനോദയാത്രാസംഘമാണ് കൊക്കയിലേക്കു മറിഞ്ഞ നിലയിൽ കാർ കണ്ടത്. ഗുഢല്ലൂരിൽ നിന്ന് ഏതാണ്ട് ഇരുപതു കിലോമീറ്റർ അകലെ കൊടും വളവിലാണ് ആക്സിഡന്റ് ഉണ്ടായത്.... സൂസൻ ഡോർ തുറന്ന് പുറത്തേക്കു തെറിച്ചുവീണ അവസ്ഥയിലായിരുന്നു... മൃതദേഹം ഊട്ടിയിലെ ഹോസ്‌പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടുപോയി...!

മറിഞ്ഞു കിടക്കുന്ന കാറിന്റെ ചിത്രവും ആയാസപ്പെട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ ബോഡി റോഡിലേക്കു കൊണ്ടുവരുന്ന സീനും ടിവിയിൽ മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നു....

''ഈശ്വരാ...."

നെഞ്ചിൽ ശക്തമായ ഒരടിയും നിലവിളിയും....

രാജമ്മ കുഴഞ്ഞു വീണു.

ചന്ദ്രകലയും പ്രജീഷും പരസ്പരം നോക്കി ചിരിച്ചു.

പിന്നെ രാജമ്മയെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി.

ചന്ദ്രകല അവരുടെ മുഖത്ത് വെള്ളം തളിച്ചു.

കണ്ണു തുറന്ന അവർ ഉച്ചത്തിൽ വിലപിക്കാൻ തുടങ്ങി.

''രാജമ്മ ഇത് കുടിക്ക്.."

ചന്ദ്രകല കുറച്ചു വെള്ളം പകർന്ന് അവർക്കു നൽകി.

ദാഹിച്ച് അവശയായതുപോലെ ആർത്തിയോടെ അവർ വെള്ളം കുടിച്ചു.

''പ്രജീഷ് സാറേ..."

രാജമ്മ അയാളെ തൊഴുതു:

''എനിക്ക് ഊട്ടിക്ക് പോകണം. മരിച്ചെങ്കിലും മേഡം അവിടെ ഒറ്റയ്ക്കായിക്കൂടല്ലോ... എന്നെ സഹായിക്കണം.

പ്രജീഷ്, ചന്ദ്രകലയെ നോക്കി. അവൾ കണ്ണുകൾ കൊണ്ട് ഒരടയാളം കാണിച്ചു.

പ്രജീഷ്, നിലമ്പൂരിൽ നിന്ന് ഒരു ടാക്സി കാർ ഏർപ്പാടാക്കി. അര മണിക്കൂറിനുള്ളിൽ രാജമ്മയെ യാത്രയാക്കി.

ചന്ദ്രകല ആശ്വാസത്തോടെ നിശ്വസിച്ചു.

''ഇപ്പഴാ സമാധാനമായത്. പോസ്റ്റ്മോർട്ടത്തിൽ സൂസൻ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്യും. നമ്മൾ സേഫായി."

പ്രജീഷ് അവളെ വലിച്ച് നെഞ്ചിലേക്കിട്ട് കൈകൾ കൊണ്ട് ചുറ്റിവരിഞ്ഞു.

''നിന്റെ ബുദ്ധി അപാരം തന്നെ. ആ നേരത്ത് അങ്ങനെയൊരു ഐഡിയ തോന്നിയതുകൊണ്ടാണ് എല്ലാം ശരിയായത്."

ആ പ്രശംസയിൽ ചന്ദ്രകല പുളകിതയായി.

പ്രാവ് കുറുകുന്നതുപോലെ ഒരു ശബ്ദം അവളിൽ നിന്നുയർന്നു. ഒപ്പം അയാളെയും കൊണ്ട് അവൾ കിടക്കയിലേക്കു മറിഞ്ഞ് ഇറുകെ പുണർന്നു.

** *** ****

അടുത്ത ദിവസത്തെ പത്രങ്ങളിലും ടിവി, വാട്സ്‌ ആപ്പ് മാദ്ധ്യമങ്ങളിലും സൂസനെക്കുറിച്ചുള്ള വാർത്തകളായിരുന്നു.

അവളുടെ ബോഡി പോസ്‌റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയെന്ന്.

എതിരെ വെട്ടിത്തിരിഞ്ഞു വന്ന ഏതോ വാഹനത്തിന് സൈഡു കൊടുക്കുമ്പോഴാകാം അപകടം സംഭവിച്ചതെന്ന് വാർത്തകളിൽ പറഞ്ഞിരുന്നു.

പണ്ട് തിരുവനന്തപുരം നഗരത്തിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി, മദ്യലഹരിയിൽ അപകടമാം വിധം കാറോടിച്ചതിന് സൂസൻ പോലീസ് കസ്റ്റഡിയിലായ കാര്യവും പത്രങ്ങൾ സൂചിപ്പിച്ചിരുന്നു...

കൃത്യം വളരെ ഭംഗിയായും യാതൊരു സംശയത്തിനും ഇടനൽകാതെയും ചെയ്തു തീർത്ത പരുന്ത് റഷീദിനും അണലി അക്‌ബറിനും ചന്ദ്രകല പത്തുലക്ഷം രൂപ കൂടി പ്രതിഫലമായി നൽകി....

രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ശ്രീനിവാസ കിടാവും അനുജൻ ശേഖര കിടാവും ഡെൽഹിയിൽ നിന്നു മടങ്ങിയെത്തി.

സുരേഷ്‌ കിടാവിന് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കുകയും ഇന്ത്യ വിട്ടു പോകരുതെന്നും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നുള്ള വ്യവസ്ഥയിലുമായിരുന്നു ജാമ്യം.

ശേഖര കിടാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തടയണകൾ മുഴുവൻ ഇതിനകം കളക്ടറുടെ സാന്നിദ്ധ്യത്തിൽ പൊളിച്ചുനീക്കിയിരുന്നു.

അന്നു രാത്രി....

കിടാവിന്റെ ഫാം ഹൗസിൽ പരുന്ത് റഷീദും അണലി അക്‌ബറും എത്തി.

അനന്തഭദ്രനെയും ബലഭദ്രനെയും കുടുക്കാനുള്ള തന്ത്രവുമായിട്ട്.....

(തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RED NOVEL, RED NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.