അരകല്ലും ആട്ടുകല്ലും ന്യൂജെന്നായി
കോലഞ്ചേരി: കല്ല് കൊത്താനുണ്ടോ... അരകല്ല്, ആട്ടുകല്ല് കൊത്താനുണ്ടോ... പണ്ട് നാട്ടിട വഴികളിൽ ഇങ്ങനെ മുഴങ്ങിയ വിളി കേൾക്കാത്ത പഴയ തലമുറ കാണില്ല.
മിക്സിയും ഗ്രൈൻഡറും അടുക്കളകൾ കീഴടക്കിയതോടെ ഇവ പടിക്ക് പുറത്തായി.
കാലം മാറിയതോടെ പഴയ പ്രതാപത്തോടെ പുതു മോടിയിൽ അരകല്ലും ആട്ടുകല്ലും അടുക്കളയിലേക്ക് മാസ് എൻട്രി നടത്തുന്ന കാലമാണിത്. കച്ചവടം ഓൺലൈൻ സൈറ്റുകളിലൂടെയാണെന്നു മാത്രം. വില അല്പം കൂടുമെങ്കിലും ഉപയോഗിച്ചില്ലെങ്കിൽ കൂടി പുതിയ വീടുകൾ പണിതു മാറുന്നവർ ന്യൂജെൻ അരകല്ലും ആട്ടുകല്ലും വീട്ടിൽ വാങ്ങിയിടുന്നുണ്ട്.
വില 4000 മുതൽ 6000 വരെ. മെഷീനിൽ പോളിഷ് ചെയ്ത തിളങ്ങുന്ന കല്ലുകളിൽ അരയുന്ന ഭാഗത്ത് മാത്രമാണ് പരുക്കൻ പ്രതലം.
നാടൻ ഭക്ഷണത്തിനുള്ള പുതു തലമുറയുടെ അടങ്ങാത്ത ആഗ്രഹത്തിന് അരകല്ല് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി. നാടൻ റെസിപ്പികളിൽ പലതിലും കല്ലിൽ അരച്ചെടുത്താൽ രുചി കൂടുമെന്ന വാദം പുതു തലമുറ ഏറ്റെടുത്തതോടെയാണ് വീണ്ടും ഇവ അവതരിച്ചത്.