കൊച്ചി: ചികിത്സാചെലവുകൾക്കുള്ള ക്ളെയിമുകൾ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുന്നതും വെട്ടിക്കുറയ്ക്കുന്നതും വർദ്ധിക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ അമിതബില്ലും കാരണമാകുന്നു. ഇൻഷ്വറൻസ് പരിരക്ഷയുള്ളവരെ ഒരുവിഭാഗം ആശുപത്രികൾ അനാവശ്യ പരിശോധനകൾക്ക് വിധേയരാക്കുകയും ആവശ്യമില്ലാത്ത മരുന്നുകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണറിയുന്നത്.
ആരോഗ്യ പരിരക്ഷ പദ്ധതികളിൽ അംഗമായവരുടെ ക്ളെയിമുകൾ നിരസിക്കുന്നതിനെതിരെയുള്ള പരാതികൾ ഇൻഷ്വറൻസ് ഓംബുഡ്സ്‌മാനിലും ഉപഭോക്തൃ തർക്കപരിഹാര കോടതികളിലും വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് പരിരക്ഷയ്ക്കുൾപ്പെടെ ക്ളെയിമുകൾ നിരസിച്ച ഇൻഷ്വറൻസ് കമ്പനികളോട് വൻതുക നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതികളുൾപ്പെടെ ഉത്തരവിട്ടിരുന്നു.
ഇൻഷ്വറൻസുള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കിലാണ് സ്വകാര്യ ആശുപത്രികൾ ബില്ല് നൽകുന്നത്. ഇൻഷ്വറൻസുള്ളവരിൽനിന്ന് ഇല്ലാത്തവരേക്കാൾ ഇരട്ടിയിലധികംവരെ തുക ഈടാക്കുന്ന ആശുപത്രികളുണ്ട്. അനാവശ്യ ടെസ്റ്റുകൾ, ശസ്ത്രക്രിയകൾ, കൂടുതൽ കിടത്തിചികിത്സ, മരുന്നുകൾ എന്നിവ ചേർത്താണ് ബിൽ തുക കൂട്ടുന്നത്. ന്യായമായ ക്ലെയിമുകൾപോലും ഇൻഷ്വറൻസ് കമ്പനികൾ നിരസിക്കുന്നതിന് ഇത് ഇടയാക്കുന്നു. ക്ലെയിം കിട്ടിയാലും അതിനുപുറമേ വലിയ തുകകൂടി രോഗികളിൽനിന്ന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതും പതിവായിട്ടുണ്ടെന്നാണ് ഉപഭോക്തൃരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
രോഗികൾക്ക് ബാദ്ധ്യത, നഷ്ടം
ഇൻഷ്വറൻസ് പരിരക്ഷയിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ തുക ക്ലെയിം ചെയ്താൽ അടുത്ത വർഷം ഇൻഷ്വറൻസ് പുതുക്കുമ്പോൾ പ്രീമിയം തുക വർദ്ധിപ്പിക്കും. ഇത് താങ്ങാൻ പറ്റാത്തവർ ഇൻഷ്വറൻസ് പരിരക്ഷയിൽനിന്ന് പുറത്തുപോകേണ്ട അവസ്ഥയും വരാറുണ്ട്. വർഷങ്ങളായി പദ്ധതിയിൽ ചേർന്നവർക്ക് ഇത് വലിയ നഷടമാണുണ്ടാക്കുക.
റഗുലേറ്ററി ബോർഡ് അനിവാര്യം
ആശുപത്രികളുടെ സാമ്പത്തികചൂഷണം നിയന്ത്രിക്കാൻ ഹോസ്പിറ്റൽ റെഗുലേറ്ററി ബോർഡ് രൂപീകരിക്കണമെന്ന നിർദ്ദേശം ശക്തമാണ്. ഇതുവഴി ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ വ്യത്യസ്തബിൽ ഈടാക്കുന്നത് തടയാനാകും. പൊതുമാനദണ്ഡം തയ്യാറാക്കി അമിതബില്ലും ഇൻഷ്വറൻസ് പരിരക്ഷയുള്ളവരെ ചൂഷണം ചെയ്യുന്നതും തടയാനാകും.
''അനുവദിക്കുന്ന ക്ളെയിമുകളുടെ എണ്ണവും തുകയും വർദ്ധിക്കുന്നത് നേരിടാനാണ് നിരസിക്കലും വെട്ടിക്കുറയ്ക്കലും പ്രീമിയം വർദ്ധിപ്പിക്കലും ഇൻഷ്വറൻസ് കമ്പനികൾ നടത്തുന്നത്. പഴി കേൾക്കേണ്ടിവരുന്നത് ഏജന്റുമാരാണ്.""
റോയ് ജോൺ,
ജനറൽ കൺവീനർ
ഓൾ കേരള പ്രൈവറ്റ് ജനറൽ
ഇൻഷ്വറൻസ് ഏജന്റ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |