അഹമ്മദാബാദ്: നൂറ്റിനാല്പത് കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനകൾ വിഫലമാക്കി ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായ ദിനമായിരുന്നു ഇന്നലെ. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നീലക്കടലാക്കി ആർത്തുവിളിച്ച ഒന്നരലക്ഷത്തോളം കാണികളെ നിശബ്ദരാക്കി, ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയ ലോകകിരീടത്തിൽ മുത്തമിട്ടത്.
ഇതിനിടെ ക്രിക്കറ്റ് ഫീൽഡിൽ താൻ അനുഭവിച്ച ഏറ്റവും മധുരമുള്ള നിമിഷം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ക്യാപ്‌ടൻ പാറ്റ് കമ്മിൻസ്. 26-ാം ഓവറിലെ ആദ്യ പന്തിൽ കൊഹ്‌ലി ഈ ലോകകപ്പിലെ തന്റെ ആറാം അർദ്ധ സെഞ്ച്വറി തികച്ചു നിൽക്കുന്ന സമയം. ഇടവേളയ്ക്ക് ശേഷം 29-ാം ഓവറിൽ പന്തെടുത്ത കമ്മിൻസ് കൊഹ്ലിയെ ബൗൾഡാക്കുന്നു. ഒന്നരലക്ഷത്തോളം കാണികളെ ഒന്നാകെ മൗനത്തിലാക്കിയ നിമിഷമായിരുന്നു അത്. ഒരു സൂചി വീണാൽ കേൾക്കുമായിരുന്ന ആ നിമിഷമാണ് ക്രിക്കറ്റ് ഫീൽഡിലെ തന്റെ ഏറ്റവും മധുരമുള്ള നിമിഷമെന്ന് ക്യാപ്ടൻ കമ്മിൻസ് തുറന്ന് സമ്മതിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ കൊഹ്‌ലി പോലും ചലനമറ്റ് നിന്നുപോയ സമയമായിരുന്നു അത്.
ആ നിശ്ശബ്ദത അംഗീകരിക്കാൻ തങ്ങൾക്ക് ഒരു നിമിഷമെടുത്തെന്ന് കമ്മിൻസ് പറയുന്നു. 'എന്നത്തെയും പോലെ മറ്റൊരു സെഞ്ച്വറി നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു കൊഹ്‌ലി. അതിനാൽ തന്നെ ആ നിശബ്ദത ഏറെ ആനന്ദം തരുന്നതായിരുന്നു. ഞങ്ങൾ വിജയിച്ചതുകൊണ്ടാകാം. ഈ ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളോട് വീണ്ടും പ്രണയത്തിലായിരിക്കുന്നു ഞാൻ. ഈ നിമിഷത്തിൽ വലിയ അഭിമാനം തോന്നുന്നു. ടീമിലുള്ളവരെല്ലാം ഇപ്പോൾ അഭിമാനിക്കുകയാണ്'- ഓസ്ട്രേലിയയുടെ ക്യാപ്ടൻ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മറുപടിക്കറങ്ങിയ ഓസ്ട്രേലിയ ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 43 ഓവറിൽ അനായാസമാണ് വിജയലക്ഷ്യത്തിലെത്തിയത് (241/4).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |