'കണ്ണില്ലാത്തവർക്ക് ഹൃദയം ഉണ്ടാകുമോ? അകന്ന ബന്ധു ഒരു 17കാരിയുടെ ഉമ്മയോട് ചോദിച്ച ചോദ്യമാണ്.'' ജന്മനാ ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത ഫാത്തിമയെന്ന പെൺകുട്ടി അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഒരുപാടുപേരുടെ ഹൃദയത്തിലെ റാണിയാണവൾ.
കേരളത്തിലെ ഏറ്റവും മികച്ച നാല് എൻ.എസ്.എസ് വോളണ്ടിയർമാരിൽ ഒരാളാണ് മലപ്പുറം മേലാറ്റൂർ സ്വദേശിയായ ഫാത്തിമ. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ഫാത്തിമ, മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ കാഴ്ചയുള്ളവരെക്കാൾ മുന്നിലാണ്.
സ്കൂളിൽ പഠിക്കുമ്പോഴേ അനാഥക്കുട്ടികൾക്ക് കുഞ്ഞുടുപ്പുകൾ നൽകിയും വീട്ടിൽ നിന്ന് പൊതിച്ചോറുകൾ കൊണ്ടുപോയി കൂട്ടുകാരുമായി പങ്കിട്ടും സഹാനുഭൂതിയുടെ പാഠങ്ങൾ ഫാത്തിമ സ്വയം പഠിച്ചു. വളർന്നപ്പോൾ, ഉപ്പയുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ച് വൃദ്ധസദനങ്ങളും പാലിയേറ്റീവ് കെയർ യൂണിറ്റുകളും സന്ദർശിയ്ക്കുന്നത് പതിവാക്കി. ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് മുന്നിൽ ഫാത്തിമ മികച്ച കേൾവിക്കാരിയായി. അവരുടെ ദുഃഖങ്ങൾ കേട്ടു.
നാലുവയസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഫാത്തിമ അവർക്കായി പാട്ടുകൾ പാടി. നൂറിലേറെ മെഡിക്കൽ ക്യാമ്പുകൾക്കും അവയവദാന ശില്പശാലകൾക്കും നേതൃത്വം നൽകി. നിലവിൽ കോളേജിലെ സഹപാഠികളുമായി ചേർന്ന് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി 'ചെഹ്റാ' എന്ന പരിപാടിക്ക് നേതൃത്വം നൽകുകയാണ്. 2021ൽ മലപ്പുറം ആർ.എം.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് എൻ.എസ്.എസിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
മോഹം ഐ.എഫ്.എസ്
അദ്ധ്യാപകരുടെ നിർബന്ധപ്രകാരമാണ് 2023ൽ മികച്ച എൻ.എസ്.എസ് വോളണ്ടിയർക്കുള്ള അപേക്ഷ അയച്ചത്. പൊതുവിഭാഗത്തിൽ തന്നെയാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞവർഷം രാഷ്ട്രപതിയിൽ നിന്ന് ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്കാരം ലഭിച്ചതും കണക്കിലെടുത്തു.
ഇംഗ്ളീഷ്, തുർക്കിഷ്, ചൈനീസ് അടക്കം പത്തോളം ഭാഷകളിൽ സംസാരിക്കുന്ന ഫാത്തിമ അതെല്ലാം പഠിച്ചെടുത്തത് യൂ ട്യൂബിലൂടെയാണ്. ഭാവിയിൽ സിവിൽ സർവീസ് എഴുതി ഇന്ത്യൻ ഫോറിൻ സർവീസിലെത്താനാണ് മോഹം. ഇപ്പോൾ കുന്നുകുഴിയിലാണ് താമസം. അച്ഛൻ അബ്ദുൾ ബാരി(ബിസിനസ്),അമ്മ ഷംല.
`ആരും പെർഫെക്ട് അല്ല. ഒരു കുറവ് ഉണ്ടെന്ന് കരുതി ഉൾവലിയേണ്ട കാര്യമില്ല. ഒരാളുടെ എങ്കിലും ജീവിതത്തിൽ വെളിച്ചം വീശാനായാൽ അതെന്റെ വിജയമാണ്.' -ഫാത്തിമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |