SignIn
Kerala Kaumudi Online
Saturday, 02 December 2023 4.20 AM IST

മൊബെെൽ സ്ഫോടനത്തിലെ വൻ വഴിത്തിരിവ്

p

തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു. മനുഷ്യരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ മൊബെെൽ പൊട്ടിത്തെറിക്കുമെന്നും അത് ജീവനെടുക്കുമെന്നും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടാത്തവരില്ല. പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് പോലും മൊബെെൽ ഒരു കളിപ്പാട്ടം പോലെ കൊടുക്കുന്നവരുണ്ട്. ഈ വാർത്ത പുറത്തുവന്നതോടെ രക്ഷിതാക്കളുടെ മനസിൽ ഇടിത്തീയായിരുന്നു. എന്നാൽ, ആ സംഭവത്തിൽ, മൊബെെലല്ല പൊട്ടിത്തെറിച്ചതെന്ന് ഈയിടെ പുറത്തുവന്ന വാർത്ത എല്ലാവരെയും വീണ്ടും ഞെട്ടിച്ചു. ഫോറൻസിക് റിപ്പോർട്ടിലാണ് വില്ലൻ മൊബെെൽ അല്ലെന്ന് സ്ഥിരീകരിച്ചത്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിദ്ധ്യം വ്യക്തമായതോടെ പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്ന സംശയമാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്നത്. അതേസമയം, സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിലായി. മറ്റു സാദ്ധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് കുട്ടിയുടെ മരണമെന്ന നിഗമനത്തിലെത്തിയതോടെ, പൊലീസിനും സ്ഥലം സന്ദർശിച്ച വിദഗ്ദ്ധർക്കും ഗുരുതര വീഴ്ച സംഭവിച്ചെന്ന് തെളിഞ്ഞു. ഇനി വകുപ്പുതല അന്വേഷണത്തിനും ശിക്ഷാനടപടിക്കും വഴിയൊരുങ്ങുമെന്ന സംശയമാണ് ഉയർന്നുവരുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അവഗണിച്ചു

ഫോൺ പൊട്ടിത്തെറിച്ചുണ്ടാകാവുന്ന അപകടത്തിന്റെ ലക്ഷണമല്ല മൃതദേഹത്തിലുള്ളതെന്നും വായിലോ വായയോട് ചേർന്നോ സംഭവിച്ച ശക്തമായ സ്‌ഫോടനമാകാം മരണത്തിന് കാരണമായതെന്നും ഫോറൻസിക് സർജൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നെങ്കിലും അത് പൊലീസ് കണക്കിലെടുത്തില്ല. ഏഴു മാസം മുമ്പാണ് ആദിത്യശ്രീ മരിക്കുന്നത്. മരണത്തിന് പിന്നാലെ അന്വേഷണത്തിനു ശേഷം ഫോറൻസിക് വിദഗ്ദ്ധരുടെ നിഗമനമാണന്ന് പറഞ്ഞ് പൊലീസ് നടത്തിയ വിശദീകരണത്തിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിയാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു.

സ്ഫോടനത്തിൽ കിടപ്പുമുറിയിലെ ജനൽച്ചില്ലടക്കം പൊട്ടിയിരുന്നു. ഉഗ്രശബ്ദം ദൂരെ കേട്ടിരുന്നു. ഇക്കാര്യം അയൽവാസികൾ മൊഴിനൽകിയിരുന്നു. ഫോണിന്റെ ചില്ല് മാത്രമാണ് പൊട്ടിയതെങ്കിൽ ഇത്ര വലിയ സ്‌ഫോടനത്തിന് കാരണം മറ്റെന്തോ ആണെന്ന് പലരും സംശയിച്ചിരുന്നു. നാട്ടുകാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ, മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന നിഗമനത്തിൽ നിന്ന് പൊലീസ് പിൻമാറിയില്ല. ജൂലായിൽ ഫോറൻസിക് ലാബിൽനിന്ന് പ്രാഥമിക പരിശോധനാഫലം വന്നപ്പോൾതന്നെ ഫോൺ പൊട്ടിത്തെറിച്ചതല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ, പൊലീസ് വിവരം പുറത്തുവിട്ടില്ല. അന്വേഷണവും നടത്തിയില്ല. അതുകൊണ്ടു തന്നെ വീണ്ടും ദുരൂഹതയിലേക്ക് കാര്യങ്ങൾ നീങ്ങി.

പടക്കം എങ്ങനെ വന്നു?

മലയോരമേഖലയിലാണ് സംഭവം. പന്നിപ്പടക്കമാണ് പൊട്ടിയതെങ്കിൽ അത് കുട്ടിയുടെ കൈവശമെത്തിയത് എങ്ങനെയാണെന്ന് ഒരു പിടിയുമില്ല. ഇക്കാര്യത്തിലും അന്വേഷണമുണ്ടായില്ല. ഇന്റലിജൻസ് ആസ്ഥാനത്തു നിന്ന് കമ്മിഷണർക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് ഫോറൻസിക് റിപ്പോർട്ട് വീണ്ടും പുറത്തുവന്നതെന്നാണ് വിവരം.

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിൽ കുട്ടിയുടെ താടിയെല്ലുകളും ഇടതുകൈ വിരലുകളും തകർന്നിരുന്നുവെന്നും തലച്ചോറിന് ഗുരുതര ക്ഷതമേറ്റുവെന്നും വ്യക്തമായി പറയുന്നുണ്ട്.

മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താൽ ഫോൺ പൊട്ടിത്തെറിച്ചതാകാൻ സാദ്ധ്യതയില്ലെന്നും കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വായയുടെ ഉള്ളിലോ വായയോടു ചേർന്നോ സംഭവിച്ച ഒരു സ്‌ഫോടനമാകാം മരണകാരണമെന്നും കൂടുതൽ അന്വേഷണം നടത്തിയാലേ സത്യം തെളിയൂവെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതൊന്നും പൊലീസ് കണക്കിലെടുത്തില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശം പൂർണമായും തളളി. മൊബൈൽ ഫോൺപൊട്ടിത്തെറിച്ചെന്നു തന്നെ സ്ഥിരീകരിച്ചു.

മരണകാരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പൊലീസ് പുറത്തുവിടാനും മടിക്കുകയാണ്. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണ് മരണത്തിനിടയാക്കിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുകയാണ് പൊലീസ് ചെയ്തത്. ചുരുക്കത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

പന്നിപ്പടക്കമാണെന്ന് തിരിച്ചറിയാതെ പറമ്പിൽ നിന്നോ മറ്റോ സ്‌ഫോടകവസ്തു കയ്യിലെടുത്ത് വീട്ടിൽകൊണ്ടുവന്ന് കടിച്ചു നോക്കിയപ്പോൾ പൊട്ടിത്തെറിച്ചതാകാം എന്ന നിഗമനം ഇണങ്ങാത്ത രീതിയിലാണ് പൊലീസിന് ലഭിച്ച മൊഴി. പൊട്ടിത്തെറിക്ക് പിന്നാലെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമടക്കം ഓടിയെത്തിയെങ്കിലും പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന ഗന്ധം അനുഭവപ്പെട്ടിരുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

മൊബൈൽ സ്‌ഫോടനമല്ലെന്ന് കണ്ടെത്തിയ സുപ്രധാന വിവരം പൊലീസ് അവഗണിച്ചത് ഏഴുമാസത്തോളമാണ്. പന്നിപ്പടക്കമാണെന്ന് വിശദീകരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അതിനാവശ്യമായ എന്ത് പരിശോധന നടത്തിയെന്ന് ഉന്നതതലത്തിൽ നിന്ന് ചോദ്യമുണ്ടായെന്നും പറയുന്നു. കൂടുതൽ വ്യക്തതയുണ്ടായ ശേഷമല്ലാതെ വിശദീകരണങ്ങൾ നൽകരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരം പുറത്തുവിടേണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിർദ്ദേശം.

കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി പത്തിന് തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനി ആദിത്യശ്രീയുടെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്.

പുതപ്പിനടിയിൽ കിടന്ന് കുട്ടി മൊബെെൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. മുത്തശ്ശിയും ആദിത്യശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭക്ഷണമെടുക്കാനായി മുത്തശ്ശി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു അപകടം. പൊട്ടിത്തെറിയിൽ കുട്ടിയുടെ വലതു കൈവിരൽ അറ്റുപോയി. കൈപ്പത്തി തകർന്നു. ഫോണിലെ ബാറ്ററിയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന ആദ്യ വിലയിരുത്തലിൽ മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയുമായും ബന്ധപ്പെട്ടിരുന്നു. പൊട്ടിത്തെറിച്ച ഫോണിലെ ബാറ്ററി കമ്പനി സർവീസ് സെന്ററിൽ നിന്ന് മാറ്റിയിട്ട ഒറിജിനൽ ബാറ്ററിയാണെന്ന് വിതരണക്കാർ സ്ഥിരീകരിച്ചിരുന്നു. 2017ൽ പാലക്കാട് നിന്ന് ആദിത്യശ്രീയുടെ അച്ഛന്റെ സഹോദരനാണ് ഫോൺ വാങ്ങിയത്. 2021 ജനുവരിയിലാണ് ബാറ്ററി മാറ്റിയത്. ഇണങ്ങാത്ത കണ്ണികൾ ഏറെയുളള ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത് അന്വേഷണത്തിലെ പാകപ്പിഴകളാണ്. എന്തായാലും എങ്ങനെ മരണം സംഭവിച്ചുവെന്നതിൽ ഏഴ് മാസം കഴിഞ്ഞിട്ടും വ്യക്തത വരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല. കേരളത്തിൽ ആദ്യത്തെ സംഭവമായാണ് ഈ അപകടത്തെ വിലയിരുത്തിയത്. മൊബെെൽ ഫോണിൽ നിന്ന് തീയും പുകയും ഉയരുകയും പൊട്ടിത്തെറിക്കുകയും ചെയ്യാറുണ്ടെങ്കിലും അത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തെന്ന വാർത്ത കേട്ടുകേൾവിയില്ലാത്തതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOBILE BLAST
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.