പത്തനംതിട്ട : കഴിഞ്ഞ അഞ്ചുവർഷമായി പത്തനംതിട്ട ജില്ലയിൽ ജയിൽ പ്രവർത്തിക്കുന്നില്ല. പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി ജയിൽ പൊളിച്ചു നീക്കിയതോടെയാണിത്. എന്നാൽ മൂന്നുഘട്ടങ്ങളിലായി നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാംഘട്ടം മാത്രം പൂർത്തിയാക്കാനായി. രണ്ടാംഘട്ടത്തിലെ സാങ്കേതിക അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് നിർമാണം മുടങ്ങിയത്. നവീകരണത്തിനായി 2018 ആഗസ്റ്റിലായിരുന്നു ജയിലിന്റെ പ്രവർത്തനം നിറുത്തിയത്. ജില്ലയിൽ നിന്നുള്ള പ്രതികളെയും ജയിപ്പുള്ളികളേയും മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് അയയ്ക്കുകയാണിപ്പോൾ. പൊലീസ് , ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് വിവിധ കേസിൽ പ്രതിയായി റിമാൻഡിലാകുന്നവർ ഇതിൽപ്പെടും. പതിമൂന്ന് കോടതികളിൽ നിന്നുള്ള റിമാൻഡ് പ്രതികളെയും മറ്റുജില്ലകളിലേക്ക് അയയ്ക്കുകയാണിപ്പോൾ.
ആറ് കോടിക്ക് അനുമതി കാത്ത്
5.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഇനിയും 13.8 കോടി രൂപ കൂടി ഉണ്ടെങ്കിലേ കെട്ടിടം പൂർത്തിയാകൂ. ആറുകോടിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതിക അനുമതിയാണ് ലഭിക്കാനുള്ളത്. ചീഫ് എൻജിനീയറുടെ അനുമതി ലഭിച്ചാൽ പണികൾ ആരംഭിക്കാനാകും. ഇപ്പോൾ ജയിൽ ഓഫീസ് മാത്രം ഒന്നാംഘട്ടം പൂർത്തിയായ ഗ്രൗണ്ട് ഫ്‌ളോറിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് നിലകളിലായി 19 ഇരട്ട സെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്ത് പേരെയും സിംഗിൾ സെല്ലിൽ അഞ്ച് പേരെയും പ്രവേശിപ്പിക്കാം.
തറക്കല്ലിട്ടത് 2019 ൽ
2019 മാർച്ചിലാണ് പുതിയ ജില്ലാ ജയിൽ കെട്ടിടത്തിന് തറക്കല്ലിട്ടത്. സീവേജ് പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പ്ലാൻ മാറ്റേണ്ടിവന്നു. ചുട്ടിപ്പാറയുടെ അടിവാരത്തുള്ള ജയിലിന്റെസ്ഥലം പാറകൾ നിറഞ്ഞതാണ്. ഇതാണ് പ്ലാൻ മാറ്റാൻ കാരണം.
ജില്ലാ ജയിൽ
കെട്ടിടം : 82 സെന്റിൽ 5269 സ്‌ക്വയർ മീറ്റർ.
നിർമാണ ചുമതല : പി.ഡബ്യൂ.ഡി ബിൽഡിംഗ്‌സ് വിഭാഗത്തിന്.
ഇരട്ട സെല്ല് : 19, സിംഗിൾ സെല്ല് : 17
താഴത്തെ നിലയിൽ : അഞ്ച് ഡബിൾ സെല്ല്, നാല് സിംഗിൾ സെല്ല്
ഒന്നാം നിലയിൽ : ഏഴ് ഡബിൾ, ആറ് സിംഗിൾ സെല്ല്
രണ്ടാം നിലയിൽ : ഏഴ് ഡബിൾ സെല്ല്, ഏഴ് സിംഗിൾ സെല്ല്
"സാങ്കേതിക അനുമതി അവസാന ഘട്ടത്തിലാണ്. ടെൻഡർ കൂടി പൂർത്തിയായാൽ നിർമ്മാണം ആരംഭിക്കാം.
പി.ഡബ്ല്യൂ.ഡി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |