ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ കണ്ണീർ വീഴ്ത്തി ഓസ്ട്രേലിയ തങ്ങളുടെ ആറാം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ഫൈനലിലെത്തുംവരെ കളിച്ച പത്തു കളികളും അതിഗംഭീരമായി ജയിച്ചുവന്ന ഇന്ത്യയ്ക്ക് അവസാന കടമ്പ മാത്രം മറികടക്കാൻ കഴിഞ്ഞില്ല. ലീഗ് റൗണ്ടിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്ന ഓസീസ്, എഴുതിത്തള്ളിയിടത്തുനിന്നാണ് ചാമ്പ്യൻപട്ടത്തിലേക്കു കുതിച്ചത്. സെമിയിൽ ദക്ഷിണാഫ്രിക്കയോടും ഫൈനലിൽ ഇന്ത്യയോടും അവർ കണക്കുതീർത്തു.
എട്ടാം ഏകദിന ലോകകപ്പ് ഫൈനലിനിറങ്ങിയ തങ്ങളുടെ പരിചയസമ്പത്തും പ്രൗഢമായ പൊഫഷണൽ പാരമ്പര്യവും കൃത്യസമയത്ത് കളത്തിലിറക്കാൻ കഴിഞ്ഞതാണ് ഓസ്ട്രേലിയൻ വിജയത്തിന് അടിത്തറ. സ്വന്തം നാട്ടിൽ ഫൈനലിന്റെ സമ്മർദ്ദം അതിജീവിക്കാൻ ഇന്ത്യൻ താരങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ആത്മവിശ്വാസത്തോടെയാണ് ഓസീസ് കലാശക്കളിക്കിറങ്ങിയത്. ശരീരഭാഷകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങളെ സമ്മർദ്ദത്തിലാക്കിയ അവർ ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും ഒന്നുപോലെ മികച്ചുനിന്നു. അഞ്ചുമാസം മുമ്പ് ഇതേ എതിരാളികളോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റ ഇന്ത്യ നിർണായക മത്സരങ്ങൾ തങ്ങൾക്ക് ബാലികേറാമലയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.
തികച്ചും ടീം ഗെയിമാണ് ഓസ്ട്രേലിയ കളിച്ചതെങ്കിലും ട്രാവിസ് ഹെഡ് എന്ന ഓൾറൗണ്ടറുടെ അതുല്യപ്രകടനം എടുത്തുപറയേണ്ടതുണ്ട്. തുടക്കത്തിൽ രോഹിത് ശർമ്മയുടെ ക്യാച്ചെടുക്കാൻ പിന്നോട്ടോടി ഹെഡ് നടത്തിയ ഡൈവ് 1983 ലോകകപ്പിൽ കപിൽദേവ് എടുത്ത ക്യാച്ചിനെ അനുസ്മരിപ്പിച്ചു. രണ്ടോവർ ബൗൾ ചെയ്തപ്പോൾ നാലു റൺസ് മാത്രം വിട്ടുകൊടുത്ത ഹെഡ് ബാറ്റെടുത്തിറങ്ങിയപ്പോൾ ആദ്യ ഓവർ മുതൽ വിജയത്തിന് രണ്ടു റൺസ് അരികെവരെ ക്രീസിൽ നിന്ന് 120 പന്തുകൾ നേരിട്ട് നേടിയെടുത്തത് 137 റൺസാണ്. ഈ ലോകകപ്പിലെ ആറുമത്സരങ്ങളിൽ മാത്രമേ ഹെഡ് കളിച്ചുള്ളൂ. അതിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും നേടി. ടീമിന് ഏറ്റവും അനിവാര്യമായിരുന്ന കളികളിലാണ് ഹെഡ് മികച്ച പ്രകടനം പുറത്തെടുത്തത്. ന്യൂസിലാൻഡിനെതിരായ ലീഗ് മത്സരത്തിൽ ഹെഡിന്റെ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലെ അർദ്ധസെഞ്ച്വറിയും കളിയുടെ ഗതി നിർണയിക്കുന്നതായിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ ഏഴുവിക്കറ്റ് നഷ്ടമായിടത്തുനിന്ന് ഇരട്ട സെഞ്ച്വറി നേടിയ ഗ്ളെൻ മാകസ്‌വെല്ലിന്റെ പ്രകടനവും ഓസ്ട്രേലിയയുടെ ലോകകപ്പ് നേട്ടത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ്. ആ മത്സരത്തിൽ തോറ്റിരുന്നെങ്കിൽ ഓസീസ് ഒരുപക്ഷേ സെമിയിലെത്തുമായിരുന്നില്ല. അവസരങ്ങൾക്കൊത്ത് ഉയർന്ന ലാബുഷേയ്ൻ, മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, ഹേസൽ വുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയവരുടെ പരിശ്രമത്തിനൊപ്പം ക്യാപ്ടൻ പാറ്റ് കമ്മിൻസിന്റെ അർപ്പണബോധവും ക്രിയാത്മകമായ നായകപദവിയും അഭിനന്ദനീയമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി പണക്കിലുക്കത്തിന്റെ കളിയായ ഐ.പി.എൽ ഉപേക്ഷിക്കാൻ കമ്മിൻസ് കാട്ടിയ ധൈര്യമാണ് ഓസ്ട്രേലിയയുടെ ഈ നേട്ടത്തിന്റെ കാതൽ.
ജയം അനിവാര്യമായ മത്സരത്തിൽ അതിനു കഴിഞ്ഞില്ലെങ്കിലും ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്ത പരിശ്രമം വിലയിരുത്തപ്പെടാതെ പോവുകയില്ല. വിരാട് കൊഹ്‌ലിയും മുഹമ്മദ് ഷമിയും രോഹിത് ശർമ്മയും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും കെ.എൽ രാഹുലും ജഡേജയും സിറാജുമൊക്കെ പുറത്തെടുത്ത അതിഗംഭീര പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യയെ അപരാജിതരായി ഫൈനൽ വരെ എത്തിച്ചത്. സ്പോർട്സിൽ ജയവും തോൽവിയും അവസാനവാക്കല്ല. ഇന്നലെകളിൽ തോറ്റവരാണ് ഇന്നു ജയിക്കുന്നത്. ഇന്നു തോൽക്കുന്നവരെ നല്ല നാളെകൾ കാത്തിരിക്കുന്നു. പരാജയങ്ങളെ പുഞ്ചിരിയോടെ നേരിടണമെന്ന് പറയാൻ എളുപ്പമാണ്. തോൽവികൾ മനസിൽ മുറിവുകൾ ഉണ്ടാക്കുകതന്നെ ചെയ്യും. കാലം മായ്ക്കാത്ത മുറിവുകളില്ല. പക്ഷേ പാടുകൾ ശേഷിക്കും. അടുത്ത അടർക്കളത്തിൽ വിജയത്തിലേക്കു കുതിക്കാനുള്ള ശക്തി ആ മുറിപ്പാടുകളിൽ നിന്നാണ് ആവാഹിക്കേണ്ടത്. ഇനിയുമേറെ അങ്കങ്ങൾ രോഹിതിനെയും സംഘത്തെയും കാത്തിരിക്കുന്നുണ്ട്. ഈ മുറിപ്പാടിന്റെ നോവുമോർമകൾ ഇനിയൊരു വിശ്വവിജയത്തിനുള്ള ഇന്ധനമായി മാറട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |