സ്‌റ്റേഷനിലും അഴിഞ്ഞാട്ടം
നോക്കിനിന്ന് പൊലീസ്
കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി ആക്രമിച്ച് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ചെടിച്ചട്ടി, ഹെൽമറ്റ് എന്നിവ കൊണ്ട് തലയിൽ അടിച്ചു. കൈ ഒടിച്ചു. കല്ല്യാശ്ശേരി പഴയങ്ങാടിയിലാണ് സംഭവം.
പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെ ഇരച്ചുകയറിയും മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന് തലയ്ക്ക് സാരമായി പരിക്കേറ്റു. സുധീഷും മറ്റൊരു വൈസ് പ്രസിഡന്റായ മഹിത മോഹനും ഉൾപ്പെടെ ഏഴുപേരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹിതയുടെ കൈക്ക് ഒടിവുണ്ട്. പൊലീസ് നോക്കിനിൽക്കെയാണ് സി.പി.എം അഴിഞ്ഞാട്ടമെന്ന് മഹിത മോഹൻ പറഞ്ഞു.
ഏഴ് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തു. മറുഭാഗത്ത് കണ്ടാലറിയാവുന്ന ചിലർക്കെതിരെ കേസെടുക്കുമെന്നാണ് രാത്രി വൈകിയും പൊലീസ് പറഞ്ഞത്.
റോഡരികിൽ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചവരെ ഇരുപതോളം പേർ മർദ്ദിക്കുന്നതിനിടെ പൊലിസ് സംഘമെത്തി. എന്നിട്ടും ഏറെനേരം ആക്രമണം തുടർന്നു. രക്ഷപ്പെടുത്തി പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നറിഞ്ഞതോടെ കൂടുതൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി ആക്രമണം അഴിച്ചുവിട്ടു. സ്‌റ്റേഷൻ വളപ്പിലുണ്ടായിരുന്ന ബൈക്കുകൾ തകർത്തു. രംഗങ്ങൾ ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെ തട്ടിക്കയറി. കരിങ്കൊടി പ്രതിഷേധം തടയാത്തതിന് പൊലീസിനെ അസഭ്യം പറഞ്ഞു.
പ്രതിഷേധം മുന്നിൽ കണ്ട് യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ, കെ. എസ്.യു നേതാക്കളായ റാഹിബ്, മുബാസ്, അർഷാദ് എന്നിവരെ കരുതൽ തടങ്കലിലാക്കിയിരുന്നു. കരിങ്കൊടി പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ അടുത്ത വേദികളിൽ സുരക്ഷ വർദ്ധിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |