തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം നിലവിലെ നീല നിറത്തിൽ നിന്ന് വീണ്ടും കാക്കിയിലേക്ക് മാറുന്നു. യൂണിഫോം പരിഷ്കരിച്ച് സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പരിഷ്കാരം. എട്ടു വർഷത്തിനുശേഷമാണ് മാറ്റം. 2015ലാണ് കാക്കി മാറ്റി നീല നിറമാക്കിയത്. ഇൻസ്‌പെക്ടർമാരുടെ യൂണിഫോം കാക്കി സഫാരി സ്യൂട്ടാക്കിയും പരിഷ്കരിച്ചു. നിലവിൽ കറുത്ത പാന്റ്സും നീല ഷർട്ടുമാണ്.
പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോമിൽ നിന്ന് ഒഴിവാക്കി. ഒരു ജീവനക്കാരന് രണ്ടു ജോഡി യൂണിഫോമിനുള്ള തുണി അനുവദിക്കും. സ്റ്റിച്ചിംഗ് പാറ്റേൺ സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകും. യൂണിഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലാത്ത വിഭാഗങ്ങൾ നിലവിലെ യൂണിഫോം തുടരണം.
ജീവനക്കാർ, യൂണിഫോം
പുരുഷൻമാർ: കാക്കി നിറത്തിലെ പാന്റ്സ്, ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ട്. വനിതകൾ: കാക്കി നിറത്തിലുള്ള ചുരിദാർ, സ്ലീവ്‌ലെസ് ഓവർകോട്ട്. പെൻനമ്പറുള്ള നെയിം ബോർഡ്.
സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ: കാക്കി പാന്റ്‌സ്, ഹാഫ് സ്ലീവ് ഷർട്ട്. നെയിം ബോർഡ്, ഷോൾഡർ ഫ്‌ളാപ്പിൽ കാറ്റഗറി.
ഇൻസ്‌പെക്ടർ: കാക്കി സഫാരി സ്യൂട്ട്. കോർപ്പറേഷന്റെ എംബ്ലവും പേരും തസ്തികയും രേഖപ്പെടുത്തിയ ഡെസിഗ്നേഷൻ ബോർഡ്.
ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ: കാക്കി പാന്റ്‌സ്, ഫുൾ സ്ലീവ് ഷർട്ട്. ഷോൾഡർ ഫ്‌ളാപ്പിൽ രണ്ട് നീല ഫ്‌ളിപ്പുകൾ. കോർപ്പറേഷന്റെ എംബ്ലവും പേരും തസ്തികയും രേഖപ്പെടുത്തിയ ഡെസിഗ്നേഷൻ ബോർഡ്.
മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്‌പെക്ടർ, ടയർ റീ-ട്രേഡർ,
സ്റ്റോർ സ്റ്റാഫ്: ഗ്രേ നിറത്തിൽ നിന്ന് നീലയാക്കി. പുരുഷൻമാർ നേവി ബ്ലൂ പാന്റ്സും ഹാഫ് സ്ലീവ് ഷർട്ടും. വനിതകൾ നേവി ബ്ലൂ സാരിയോ ചുരിദാറോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |