തുറവൂർ: ദേശീയപാതയിൽ കുത്തിയതോട് പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് കാട് കയറിയ നിലയിൽ. കുത്തിയതോട് പൊലീസ് സ്റ്റേഷന് മുൻവശം കാഴ്ച മറച്ച് ഒരാൾ പൊക്കത്തിലാണ് പുല്ലും കുറ്റിക്കാടുകളും വളർന്ന് നിൽക്കുന്നത്. ദേശീയപാതയിൽ നിന്ന് നോക്കിയാൽ കാണാവുന്ന പൊലീസ് സ്റ്റേഷൻ നിലവിൽ കാട് മറച്ച നിലയിലാണ്. കുറ്റിക്കാട്ടിൽ നിൽക്കുന്ന പൊലീസ് സ്റ്റേഷന്റെ പേരും ഫോൺ നമ്പരും എഴുതിയ വലിയ ബോർഡ് വെയിലും മഴയുമേറ്റ് പേരും മറ്റും മാഞ്ഞ നിലയിലുമാണ്. അടയാള ബോർഡ് ഇല്ലാത്തതിനാൽ പൊലീസ് സ്റ്റേഷൻ കണ്ടെത്തണമെങ്കിൽ വാഹന യാത്രക്കാർക്കും മറ്റ്ദേശക്കാർക്കും ആരോടെങ്കിലും ചോദിക്കേണ്ട അവസ്ഥയാണ്. സ്പോൺസർമാരെ കിട്ടാത്തതിനാലാണ് കാലപ്പഴക്കത്താൽ അക്ഷരങ്ങൾ മങ്ങിയ പൊലീസ് സ്റ്റേഷന്റെ ബോർഡ് മാറ്റി പുതിയത് സ്ഥാപിക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ദേശീയപാത അധികൃതരാകട്ടെ ഫണ്ടില്ലാത്തതിനാൽ വർഷങ്ങളായി പാതയോരത്തെ കാട് വെട്ടി നീക്കാറേയില്ല. ഇതുമൂലം അടുക്കള - അറവുമാലിന്യമടക്കം പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലും തള്ളുന്നവരുടെ ഇഷ്ടകേന്ദ്രമാണ് ദേശീയപാതയോരങ്ങൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |