ആലപ്പുഴ: ആയുസ് തീർന്ന പഴകിയ കെട്ടിടം ഒഴിയാനുള്ള തയാറെടുപ്പിലാണ് ജില്ലാ ആയുർവേദ ആശുപത്രി. പുതിയ വാടക കെട്ടിടം കണ്ടെത്തി അവിടേയ്ക്ക് പ്രവർത്തനം മാറ്റിയ ശേഷം എം.എൽ.എ ഫണ്ടും ജില്ലാ പഞ്ചായത്തിന്റെ സഹായവും ഉപയോഗിച്ച് നിലവിലെ കെട്ടിടം നിൽക്കുന്ന സ്ഥാനത്ത് പുതിയത് പണിയാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ, മതിയായ സൗകര്യങ്ങളുള്ള ഒന്നിലധികം കെട്ടിടങ്ങൾ ജില്ലാ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വാടക നിരക്ക് സംബന്ധിച്ച ചർച്ച നടന്നുവരികയാണ്. ആലപ്പുഴ വെള്ളക്കിണർ - പുലയൻവഴി റോഡിനോട് ചേർന്ന് 26 സെന്റ് സ്ഥലത്താണ് ജില്ലാ ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1972ൽ പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന്റെ മേൽക്കൂരയടക്കം പല ഭാഗങ്ങളും അടർന്ന് വീഴുന്നത് പതിവാണ്. അമ്പത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് സ്ഥാപിച്ചാണ് മഴക്കാലത്ത് ചോർച്ച ഒഴിവാക്കുന്നത്.
50 : ഡോക്ടർമാരടക്കം 50ഓളം ജീവനക്കാർ
300: ദിവസവും ഒ.പിയിൽ വരുന്ന രോഗികളുടെ എണ്ണം
അസൗകര്യങ്ങൾക്ക് നടുവിൽ
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല
കിടത്തി ചികിത്സാ സൗകര്യം 50 പേർക്ക് മാത്രം
കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീഴുന്നു
ജില്ലാ ആയുർവേദ ആശുപത്രി താൽക്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. പഴയകെട്ടിടം പൊളിച്ച് അവിടെ പുതിയത് പണിയാനാണ് പദ്ധതി
- ഡോ.വി.അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |