ചിങ്ങവനം: വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. തോട്ടപുഴശ്ശേരി മാരാമൺ പാറയിൽ കണ്ടത്തിൽ അനിൽകുമാർ (38), കൊല്ലം പെരുനാട് കൊച്ചടിയത്ത് പനയിൽ ശശി (കാവനാട് ശശി, 51), തിരുവല്ല പൂമംഗലം ശരത് (38), ആറന്മുള പറപ്പാട്ടുകരയിൽ ഉല്ലാസ് (40) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പരുത്തുംപാറ ഭാഗത്ത് ബൈക്കിലെത്തിയ അനിലും ശശിയും ചേർന്ന് പ്രഭാത നടത്തത്തിന് ഇറങ്ങിയ വയോധികയെ ആക്രമിച്ച് മൂന്നു പവന്റെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ വയോധികയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇവരെ വിവിധയിടങ്ങളിൽ നിന്നായി പിടികൂടി. മാല വിൽക്കാൻ സഹായിച്ചതിനാണ് ശരത്തിനെ പൊലീസ് പിടികൂടിയത്. കൂടാതെ ഇവർക്ക് മോഷണത്തിന് വേണ്ട വാഹനം കൊടുത്തതിന് ഉല്ലാസിനെയും പിടികൂടി. ഇവർ വില്പന നടത്തിയ മാല പൊലീസ് കണ്ടെടുത്തു. ശശിക്ക് ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശരത്തിന് തിരുവല്ല, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം ഈസ്റ്റ്, പൊൻകുന്നം എന്നീ സ്റ്റേഷനുകളിലും, ഉല്ലാസിന് ആറന്മുള സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നാലുപേരെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |