തൃശൂർ: സർക്കാർ ഓഫീസിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിയ സംഭവത്തിൽ വകുപ്പുതല നടപടിക്ക് വിധേയയായ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എ.ബിന്ദു വനിത-ശിശുസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി. യാദൃച്ഛികമായ സംഭവമായിരുന്നെന്നും താത്കാലിക ജീവനക്കാരൻ കൂടിയായ വൈദിക വിദ്യാർത്ഥി ടെൻഷൻ ഒഴിവാക്കാൻ ഒരു മിനിറ്റ് പ്രാർത്ഥന നടത്താമെന്ന് നിർദ്ദേശിച്ചപ്പോഴാണ് സമ്മതിച്ചതെന്നുമാണ് അവർ പറയുന്നത്.
ഇപ്പോഴത്തെ ഡയറക്ടറും തൃശൂർ മുൻ കളക്ടറുമായ ഹരിത വി.കുമാർ മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നിരീക്ഷകയായി പോയിരിക്കുകയാണ്. ഇത് കഴിഞ്ഞെത്തിയാൽ മാത്രമേ വിശദഅന്വേഷണം നടത്തുകയുള്ളൂവെന്നാണ് വിവരം. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ശിശു സംരക്ഷണ ഓഫീസർ ഓഫീസ് സമയത്ത് പ്രവർത്തിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. അതേസമയം, വൈകിട്ട് അഞ്ചരയ്ക്ക് ശേഷമായിരുന്നു പ്രാർത്ഥനയെന്നാണ് ബിന്ദുവിന്റെ വിശദീകരണം.
ജില്ലാ വനിതശിശു സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ പി.മീരയുടെ റിപ്പോർട്ടിനെ തുടർന്ന് അഡിഷണൽ ഡയറക്ടറാണ് കഴിഞ്ഞ ദിവസം ശിശു സംരക്ഷണ ഓഫീസറെ സസ്‌പെൻഡ് ചെയ്തത്. ഇതിനിടെ, രണ്ടുമാസം മുമ്പ് നടന്ന സംഭവം സമൂഹമാദ്ധ്യങ്ങളിലൂടെ പുറത്തുവന്നതിന് പിന്നിൽ ചില ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |