തൊടുപുഴ: പട്ടയം ലഭിക്കുന്നതിനും സർവേ നടപടികൾക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടക്കുന്നു. ജില്ലയിലെ ഏഴ് പ്രത്യേക ഭൂപതിവ് ഓഫീസുകളിലും താലൂക്കുകളിലും ലഭിച്ചിട്ടുള്ള അപേക്ഷകളിന്മേൽ പട്ടയം നൽകുന്നതിനുള്ള നടപടി നടന്നുവരികയാണ്. ഈ ഘട്ടത്തിലാണ് പട്ടയ ഓഫീസുകളിൽ നിന്ന് പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവേ നടപടികൾക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടക്കുന്നുവെന്ന വിവരം ജില്ലാ കളക്ടർ ഷീബ ജോർജിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ ഭൂപതിവ് നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചിരിക്കുന്നത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പൊലീസ്, റവന്യൂ അധികാരികളെ അറിയിക്കണമെന്നും കളക്ടർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സർക്കാർ നടപടികളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസീൽദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കണം. പട്ടയ ഓഫീസുകളിൽ നിന്ന് അറിയിക്കുന്നത് പ്രകാരം, സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതിയാകും. പട്ടയ, സർവ്വേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള യാതൊരുവിധ പണമിടപാടുകൾക്കും ജനങ്ങൾ കൂട്ടു നിൽക്കരുത്. ഇത്തരത്തിൽ അനധികൃത നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും കളക്ടർ അറിയിച്ചു.
രേഖാപരിശോധനയും
സർവേയും ആരംഭിച്ചു
കാലങ്ങളായി നടപടികൾ തടസ പ്പെട്ടു കിടന്ന ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലെ ക്യാച്ച്‌മെന്റ് ഏരിയകളിലെ കൈവശഭൂമി സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി തിട്ടപ്പെടുത്തുന്നതിന് റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സർവേ നടപടികളും ആരംഭിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്ന് ചെയിൻ പ്രദേശത്തെ സർവേ നടപടികൾ കാഞ്ചിയാർ വില്ലേജിലെ വെള്ളിലാംകണ്ടം ഭാഗത്തും കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ പ്രദേശത്തെ സർവേ നടപടികൾ വെള്ളത്തൂവൽ വില്ലേജിലെ മാങ്കടവ് ഭാഗത്തും ചെങ്കളം ഡാമിന്റെ 10 ചെയിൻ പ്രദേശത്തെ സർവേ നടപടികൾ കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാൽ ഭാഗത്തും ആരംഭിച്ചു. സർവേ നടപടികൾക്കായി പ്രത്യേക ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി അധികൃതരുമായി സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കുന്നതിനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. സർവേ നടക്കുന്ന സ്ഥലങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |