തൃശൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ പിടികൂടി. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീനെയാണ് (35) അതിസാഹസിക നീക്കത്തിലൂടെ മണ്ണുത്തി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയത്. മൊത്ത പച്ചക്കറി വിതരണ കേന്ദ്രത്തിൽ നിന്നും ചെറുകിട വ്യാപാരി എന്ന നിലയിൽ പച്ചക്കറികൾ ഫോണിലൂടെ ഓർഡർ ചെയ്ത്, ചെറുകിട വിൽപ്പന കേന്ദ്രങ്ങളിലെത്തിക്കാൻ ആവശ്യപ്പെടുകയും, ചെറുകിട വ്യാപാരികളിൽ നിന്നും ഡിജിറ്റൽ പേമെന്റ് വഴി പണം തട്ടിയെടുക്കുകയായിരുന്നു രീതി.
ഇത്തരത്തിൽ മണ്ണുത്തിയിലെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കിഴക്കുംപാട്ടുകരയിലെ കടകളിലേക്കെത്തിച്ച പച്ചക്കറി വില ഇനത്തിൽ 68,718 രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പിടിയിലായത്. സമാനമായ നിരവധി തട്ടിപ്പുകേസുകൾ ഇയാൾക്കെതിരെയുണ്ട്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ പ്രത്യേക നിർദ്ദേശാനുസരണം ഇയാളുടെ നീക്കം സൈബർ സെൽ നിരീക്ഷിച്ചുവരികയായിരുന്നു.
ഇയാൾ മുംബയിലുണ്ടെന്നുള്ള സൂചന ലഭിച്ചതിനെ തുടർന്ന് മണ്ണുത്തി പൊലീസ് സംഘം മുംബയിലെത്തി, ദിവസങ്ങളോളം നിരീക്ഷിച്ച് പ്രതി നടത്തിവന്നിരുന്ന ഡാൻസ് ബാറിന്റെ പരിസരത്ത് നിന്നും അതിസാഹസികമായാണ് പിടികൂടിയത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിയെടുത്തതിന് തിരുവനന്തപുരം കഴക്കൂട്ടം , പൂജപ്പുര, കണിയാപുരം, കൊട്ടാരക്കര, കോട്ടയം ഈസ്റ്റ്, എറണാകുളം സെൻട്രൽ, മാള, മാന്തവാടി, ഹോസ്ദുർഗ്ഗ്, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ കേസുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി 37 കിലോഗ്രാം അനധികൃത സ്വർണം കടത്തിയ കേസിലും പിടിക്കപ്പെട്ടിട്ടുണ്ട്. വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് തൃശൂർ ടൗൺ വെസ്റ്റ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ കേസുകളുണ്ട്. വെള്ളരിക്കുണ്ട്, എറണാകുളം നോർത്ത്, കോട്ടയം ടൗൺ ഈസ്റ്റ്, പൂജപ്പുര, മാനന്തവാടി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് നിലവിലുണ്ട്. തട്ടിപ്പിന് ഇരകളായ നിരവധി പേർ പരാതികളുമായി മണ്ണുത്തി സ്റ്റേഷനിൽ ബന്ധപ്പെടുന്നുണ്ട്. എസ്.എച്ച്.ഒ എസ്.ഷൂക്കൂർ, സബ് ഇൻസ്‌പെക്ടർ കെ.എസ്.ജയൻ, അസി. സബ് ഇൻസ്‌പെക്ടർ കെ.പി.സതീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |