തിരുവനന്തപുരം: തമ്പാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ നടുറോഡിൽ വൃദ്ധയുടെ മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതികൾ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന നിഗമനത്തിൽ പൊലീസ്.പേരൂർക്കടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ്. ഈ സംഘത്തിന്റെ മോഷണരീതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കുമെത്തി. സമാനരീതിയിൽ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ആറോളം മോഷണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തമ്പാനൂർ എസ്.എച്ച്.ഒ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.തമ്പാനൂർ സംഭവത്തിന്റെ സി.സിടിവി ദൃശ്യങ്ങളിൽ വ്യക്തത ലഭിക്കാത്തത് പൊലീസിന് വെല്ലുവിളിയാണ്.
ഇരകളെ പിറകിൽ നിന്ന് ആക്രമിച്ച് കവർച്ച ചെയ്യുന്നതാണ് ഇവരുടെ രീതി. പണമോ ആഭരണമോ കൂടുതലുണ്ടെങ്കിൽ കൊലപാതകം വരെയെത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോഷണം.ഒരു സ്ഥലത്തു നിന്ന് പരമാവധി മോഷണം നടത്തി ഇവർ അടുത്ത സ്ഥലത്തേക്ക് ചേക്കേറും.സ്ഥലത്തെക്കുറിച്ച് കൃത്യമായി പഠനം നടത്തിയാണ് മോഷണം.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.30ന് തമ്പാനൂർ ഫ്ലൈഓവറിലൂടെ നടന്നുപോവുകയായിരുന്ന പാരലൽ കോളേജ് മുൻ അദ്ധ്യാപിക വലിയശാല കാവിൽ ദേവീക്ഷേത്രത്തിന് സമീപം ശ്രീസായിയിൽ രാധാമണിയുടെ (72) ഒന്നേമുക്കാൽ പവൻ സ്വർണമാലയാണ് പ്രതികൾ കവർന്നത്.
പാലത്തിലൂടെ നടക്കുമ്പോൾ എതിരെ വന്ന ഹെൽമെറ്റ് ധരിച്ച യുവാവ് രാധാമണിയുടെ പിറകിലെത്തിയ ശേഷമാണ് മാല പൊട്ടിച്ചെടുത്തത്. ഇവർ നിലവിളിച്ചെങ്കിലും സമീപത്ത് ആരുമില്ലായിരുന്നു. ഇതിനിടെ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ കൂട്ടാളിക്കൊപ്പം മാല കവർന്നയാളും കയറി രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |