കോഴിക്കോട് : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. 17.830 ഗ്രാം എം.ഡി .എം.എയുമായി നല്ലളം വെളുത്തേടത്ത് തൊടി വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ ഷാഹുൽ ഹമീദ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷക്കാലമായി നല്ലളത്ത് കുടുംബവുമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഷാഹുൽ ഹമീദ്. വീടിനോട് ചേർന്ന് നടത്തി വരുന്ന ബൈക്ക് വർക്ക് ഷോപ്പിന്റെ മറവിലാണ് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് സിറ്റി ആന്റി നെർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസും നല്ലളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിപണിയിൽ ഏകദേശം 80,000 രൂപയോളം വില വരുന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറത്തുനിന്നും വലിയ അളവിൽ എം.ഡി .എം .എ എത്തിക്കുകയും വീട്ടിൽ വച്ച് തന്നെ അഞ്ച് ഗ്രാം പത്ത് ഗ്രാം പാക്കറ്റുകൾ ആക്കി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഷാഹുൽഹമീദ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ വിലപ്പെട്ട പല തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സിറ്റി ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസിലെ സി.പി.ഒ മാരായ ഷിനോജ്,സരുൺകുമാർ, ശ്രീശാന്ത്, തൗഫീഖ് എന്നിവരും നല്ലളം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ, മനോജ് കുമാർ സി.പി.ഒ മാരായ ബിജീഷ് കുമാർ , രസ്ന രാജൻ എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |