മീനങ്ങാടി: കരണിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ എട്ടാമനേയും പൊലീസ് പിടികൂടി. ഒളിവിൽ കഴിയുകയായിരുന്ന എറണാകുളം നോർത്ത് പറവൂർ സ്വദേശി ചെല്ലപ്പുറത്ത് സി. ജാഷിർ(24)നെയാണ് പൊലീസ് പിടികൂടിയത്. കുറ്റ്യാടിയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് ജാഷിറിനെ പിടികൂടിയത്.ഒരു മാസത്തോളമായി ഇയാൾ ഒളിവിലായിരുന്നു. അങ്കമാലി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊമേഴ്ഷ്യൽ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് രണ്ട് വർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയാണ് ഇയാൾ കരണിയിലെ കൃത്യത്തിൽ പങ്കാളിയാകുന്നത്.
കഴിഞ്ഞമാസം 12നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അഷ്‌കർ അലിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയിരുന്നു. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത്(34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ്(27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ(26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28), തനി കോട്ടൂർ സ്വദേശി വരതരാജൻ(34), തേനി അല്ലിനഗരം സ്വദേശി അച്ചുതൻ (23), ത്രിച്ചി കാട്ടൂർ അണ്ണാനഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരാണ് മുമ്പ് പിടിയിലായവർ. പിടിയിലായവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് വീടു കയറിയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, സബ് ഇൻസ്‌പെക്ടർമാരായ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, ചന്ദ്രൻ, സി.പി.ഒ ബിനോയ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |