കണ്ണൂർ: വന്ദേഭാരത് ട്രെയിൻ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേരാണ് വന്ദേഭാരതിൽ യാത്ര ചെയ്യുന്നത്.ഏറ്റവും കൂടുതൽ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറിൽ നിന്നു ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പുതിയ ട്രാക്ക് വന്നാലേ ദുർഗതി മാറുമെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട് .എന്ത് പേരിട്ട് വിളിച്ചാലും നല്ല വേഗതയിൽ വണ്ടി ഓടിക്കാൻ പറ്റുന്ന ട്രാക്ക് വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആഗ്രഹിക്കുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയാണാവശ്യം-മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിൽ രാഷ്ട്രീയം പറയിപ്പിക്കുന്നു
പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ നവകേരള സദസ് വേദിയിൽ രാഷ്ട്രീയം പറയേണ്ടി വരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരിന്റെ പൊതു കാര്യങ്ങൾ പറയാനാണ് സദസ് സംഘടിപ്പിക്കുന്നത്. എൽ.ഡി.എഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സദസിൽ പങ്കെടുക്കുന്നത്.
പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിലുണ്ടാവും. പരിപാടി പി.ആർ ഏജൻസി ആസൂത്രണം ചെയ്തതാണെന്ന പ്രതിപക്ഷ വിമർശനത്തെപ്പറ്റിയുള്ള ചോദ്യത്തിന്, പി.ആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവർക്ക് എന്തും പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസ് ജനമുന്നേറ്റ സദസായി മാറി. സദസ് നടക്കുന്ന ഒാരോ സ്ഥലത്തെയും ചെലവ് മാദ്ധ്യമങ്ങൾക്ക് പരിശോധിക്കാം. സമയത്തിന്റെ പരിമിതി ഉള്ളതുകൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് പാഴ്വേല: ചെന്നിത്തല
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പാഴ്വേലയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാൽ 140 മണ്ഡലങ്ങളിലും സഞ്ചരിക്കാമെന്നിരിക്കെ ഒരു കോടി അഞ്ചുലക്ഷം രൂപ മുടക്കി കാരവൻ മോഡൽ ബസ് വാങ്ങിയത് ആഡംബരമല്ലാതെ മറ്രെന്താണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മൂവായിരം കിലോമീറ്റർ കാറിൽ സഞ്ചരിക്കാൻ കിലോമീറ്ററിന് 20 രൂപ കണക്കാക്കിയാൽ ആകെ 12.60 ലക്ഷമേ ചെലവാകൂ. മുഖ്യമന്ത്രി ആരിൽനിന്നും പരാതികൾ വാങ്ങുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി ഇരിക്കുന്നു. മന്ത്രിമാർ ദാസന്മാരായി അടുത്ത് നിൽക്കുന്നു.
നവകേരള സദസ് ബഹിഷ്കരണം ശക്തിപ്പെടുത്തും: ഹസ്സൻ
നവകേരള സദസ് ബഹിഷ്കരണം യു.ഡി.എഫ് ശക്തിപ്പെടുത്തുമെന്ന് കൺവീനർ എം.എം.ഹസ്സൻ. രാഷ്ട്രീയ പ്രചാരണവും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമാണ് നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ മുഴങ്ങികേട്ടത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതും തീരുമാനമെടുക്കുന്നതും ഉദ്യോഗസ്ഥരാണ്. സാധാരണ ജനങ്ങൾക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിൽകണ്ട് പരാതി പറയാൻ അവസരം നൽകുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സിംഹഭാഗവും യു.ഡി.എഫിനെയും മാദ്ധ്യമങ്ങളെയും വിമർശിക്കലാണ്. നവകേരള സദസിന് 'വിമർശന സദസ്' എന്ന് പേരിടുന്നതാണ് നല്ലത്.
യു.ഡി.എഫിലെ പ്രമുഖർ പങ്കെടുക്കും: എ.കെ.ബാലൻ
കാസർകോട് നവകേരള സദസ് അത്ഭുതമായി മാറിയതോടെ യു.ഡി.എഫ് നേതാക്കൾക്ക് ഭയമായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ പറഞ്ഞു. നവകേരള സദസ് പാലക്കാട്ടെത്തുമ്പോൾ യു.ഡി.എഫിലെ പ്രമുഖർ പങ്കെടുക്കും. ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് 50,000 രൂപ പരിപാടിക്കായി അനുവദിച്ചു. കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് അടക്കം പ്രമുഖർ പരിപാടിയുമായി സഹകരിക്കുമെന്നും അദ്ദേഹംമാദ്ധ്യമങ്ങളോട് പറഞ്ഞു.
സദസിലേക്ക് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും ഒഴുകിയെത്തി. കേരളത്തിലെ ജനതയും യു.ഡി.എഫിലെ ചില നേതാക്കളും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നു. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നു എന്നല്ല ഇതിനർത്ഥം. അവർ വരാനും താൽപ്പര്യപ്പെടുന്നില്ല, ഞങ്ങൾ വിളിച്ചിട്ടുമില്ല. പക്ഷേ കൂടുതൽ നേതാക്കൾ വരും നാളിൽ എൽ.ഡി.എഫിനൊപ്പം ചേരും. കോൺഗ്രസിനൊപ്പം അധിക നാൾ നിൽക്കാൻ ലീഗിന് പറ്റില്ല. ക്യാബിനറ്റ് ബസ് സംബന്ധിച്ച തന്റെ പരാമർശത്തെ പരിഹാസമാക്കി മാറ്റി. ബസിന്റെ പ്രസക്തി കുറച്ചു നാൾ കഴിഞ്ഞാലേ മനസിലാകൂ. സാധാരണ ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ലെന്നും .ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |