വിഴിഞ്ഞം: ബ്രിട്ടീഷ് അധീനതയിലുള്ള ദ്വീപ് സമൂഹത്തിൽ അതിർത്തി ലംഘിച്ച് കയറി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് സേനാ കപ്പൽ പിടി കൂടി പിഴ ഈടാക്കി വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് കൈമാറി. 32 അംഗ സംഘത്തെ ഇന്നലെ രാത്രി 7.45ന് വിഴിഞ്ഞത്ത് എത്തിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഇന്ത്യൻ ഡീഗോ ഗാർഷ്യ ദ്വീപിന് 230 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തിയ 32 തമിഴ്നാട് മത്സ്യ തൊഴിലാളികളെ സെപ്തംബർ 26നാണ് ബ്രിട്ടീഷ് കപ്പൽ സേന അറസ്റ്റ് ചെയ്തത്. ഓരോ ബോട്ടിനും 20 ലക്ഷം രൂപ പിഴ ചുമത്തിയ ശേഷമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറിയത്.പിഴ അടയ്ക്കാത്ത ഒരു ബോട്ട് പിടിച്ചെടുത്ത ശേഷം 32 ജീവനക്കാരെയും ഒരു ബോട്ടും വിട്ടയച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളായ അനഗ്, സി441 എന്നിവ എത്തിയാണ് ഇവരെ വിഴിഞ്ഞത്ത് എത്തിച്ചത്.
സെപ്തംബർ 15ന് തമിഴ്‌നാട്ടിൽ നിന്ന് രണ്ട് ബോട്ടുകളിലായാണ് മത്സ്യബന്ധനത്തിന് പോയത്. 26ന് ഇവർ ബ്രിട്ടീഷ് സേനയുടെ പിടിയിലായി ഇവർ പിടിച്ച 4 ടൺ മത്സ്യം നശിപ്പിച്ചു. 47 ദിവസത്തോളം ഇവർ തടവിലായിരുന്നു. വിഴിഞ്ഞത്തു നിന്ന് കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമൻഡാന്റ് ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമാൻഡാന്റ് അരുൺ,ഡെപ്യൂട്ടി കമാന്റന്റ് പട്ടോടിയ, കോഡിനേറ്റർ സതീഷ് എന്നിവർ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇവരെ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തേക്ക് കൊണ്ടുപോകുന്നതിന് ഫിഷറീസ് വകുപ്പിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |