തിരുവനന്തപുരം: സാധാരണക്കാർക്കുകൂടി മനസിലാകുന്ന തരത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് മലയാളത്തിലാക്കണമെന്ന നിയമസഭാ സമിതിയുടെ നിർദ്ദേശം അടിയന്തരമായി നടപ്പാക്കാൻ ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് വേഗത്തിൽ കൈമാറണമെന്നും ഡി.ജി.പിയോട് നിർദ്ദേശിച്ചു. സമിതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി.ഷൗക്കത്തലി, അഡ്വ.ജി.മോഹൻരാജ് എന്നിവരെ ഉൾപ്പെടുത്തണമെന്ന ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചു.
ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി 2017ൽ നൽകിയ ശുപാർശ ആരോഗ്യ, പൊലീസ് വകുപ്പുകൾ നടപ്പാക്കാത്തതിനെ തുടർന്നാണ് കർശന നിർദ്ദേശം. നിലവിൽ ഇംഗ്ലീഷിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. മരണകാരണം, ആന്തരികാവയവങ്ങളുടെ സ്ഥിതി, ശരീരത്തിലെ മുറിവുകൾ, ക്ഷതങ്ങൾ എന്നിവയെല്ലാം വ്യക്തമാക്കുന്ന റിപ്പോർട്ട് മലയാളത്തിലായാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ വായിച്ച് മനസിലാക്കാനാകും.
റിപ്പോർട്ട് മലയാളത്തിലാക്കാൻ ആഭ്യന്തര സെക്രട്ടറി 2017ൽതന്നെ പൊലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. മെഡിക്കൽ, ഫോറൻസിക് പദങ്ങൾക്കു പകരം മലയാള പദങ്ങളില്ലെങ്കിൽ റിപ്പോർട്ടിൽ അവ അതേരീതിയിൽ ഉൾപ്പെടുത്താനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് നിലവിലുള്ള പി.എം.ആർ (പോസ്റ്റ്മോർട്ടം റീഡിസ്ട്രിബ്യൂഷൻ) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ മെഡിക്കൽ ഓഫീസർമാരുടെ അഭിപ്രായം ആരോഗ്യവകുപ്പ് തേടിയിരുന്നു. എന്നാൽ മലയാളത്തിൽ റിപ്പോർട്ടെഴുതുന്നത് പ്രയാസമാണെന്ന് വിലയിരുത്തി ഡോക്ടർമാർ അത് അട്ടിമറിക്കുകയായിരുന്നു.
രാത്രി പോസ്റ്റുമോർട്ടം നടപ്പായില്ല
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ രാത്രിയിൽ പോസ്റ്റുമോർട്ടത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും നടപ്പായില്ല.
2011ൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും കുറവും, ഫണ്ടിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി രാവിലെ 9 മുതൽ വൈകിട്ട് 4വരെയേ അപേക്ഷ സ്വീകരിക്കാറുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |