മലപ്പുറം: സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാതെ സംസ്ഥാനത്തെ ഭിന്നശേഷിക്കാർ. പെൻഷൻ ഇനത്തിൽ ലഭിക്കേണ്ട 1,600 രൂപ ലഭിച്ചിട്ട് നാല് മാസമായി. 2016ലെ ആർ.പി.ഡബ്യു.ഡി ആക്ട് പ്രകാരം മറ്റുള്ളവർക്ക് ലഭിക്കുന്ന പെൻഷനേക്കാൾ 25 ശതമാനം അധികം തുക ഭിന്നശേഷിക്കാർക്ക് നൽകണം എന്നാണ്. പക്ഷേ, കഴിഞ്ഞ എട്ട് വർഷമായിട്ടും സർക്കാർ ഈ നിയമം നടപ്പിലാക്കിയിട്ടില്ല.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ആശ്വാസ കിരൺ പദ്ധതിയും വഴിമുട്ടിയിരിക്കുകയാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന ആശ്രിതർക്ക് പദ്ധതി വഴി പ്രതിമാസം ലഭിക്കുന്ന 625 രൂപ നൽകിയിട്ട് രണ്ടര വർഷമായി. 2016ന് ശേഷം അപേക്ഷ സമർപ്പിച്ചവർക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. വിദ്യാകിരണം പദ്ധതി വഴി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തുക 90 ശതമാനം പേർക്കും ഇത്തവണ ലഭിച്ചിട്ടില്ല. എൽ.പി വിഭാഗത്തിൽ 3,000 രൂപയും യു.പി വിഭാഗത്തിൽ 5,000 രൂപയും ഹൈസ്‌ക്കൂൾ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 11,000 രൂപയുമാണ് വിദ്യാകിരണം പദ്ധതി വഴി ഒരു വർഷം നൽകേണ്ടത്. മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മാനദണ്ഡത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓരോ വിദ്യാർത്ഥിക്കും ഓരോ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും വേണം. ഒരു വീട്ടിൽത്തന്നെ ഒന്നിൽക്കൂടുതൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ ഉള്ള സാഹചര്യത്തിൽ മൊബൈൽ നമ്പർ വ്യത്യസ്ഥമായി നൽകാൻ പലർക്കും കഴിയുന്നില്ല.
നിലവിലെ പെൻഷൻ കുടിശ്ശിക മുഴുവനായും അനുവദിക്കണമെന്നും 2014ലെ ആർ.പി.ഡബ്ള്യു.ഡി ആക്ട് അനുസരിച്ചുള്ള പെൻഷൻ വർദ്ധനവ് അനുവദിക്കണമെന്നും ആശ്വസ കിരൺ പദ്ധതി അനുസരിച്ചുള്ള പെൻഷൻ അർഹരായ മുഴുവൻ പേർക്കും കുടിശ്ശിക സഹിതം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം പില്ലേഴ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ കാഴ്ച പരിമിതിയുള്ളവർ മലപ്പുറം കളക്ട്രേറ്റ് ഉപരോധിക്കും. രാവിലെ 9.30ന് പി. അബുദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിഹാരമായില്ലെങ്കിൽ തുടർപ്രക്ഷോഭമെന്നോണം സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് തീരുമാനം. 200ഓളം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് മലപ്പുറം പില്ലേഴ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലുള്ളത്. വാർത്താസമ്മേളനത്തിൽ മലപ്പുറം പില്ലേഴ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മ ചെയർമാൻ എം.അസൈനാർ, ഭിന്നശേഷിക്കാരായ പി.പി.യൂസഫ്, ആർ.രാജൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |