ഹൈദരാബാദ്: നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡുവിന് ആന്ധ്രപ്രദേശ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. നായിഡുവിന്റെ നാലാഴ്ചത്തെ ഇടക്കാല മെഡിക്കൽ ജാമ്യം സ്ഥിര ജാമ്യമാക്കിയാണ് കോടതി ഉത്തരവിട്ടത്. അതേസമയം, നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായപ്രകടനങ്ങൾ നടത്താതിരിക്കുക,പൊതുറാലികളും യോഗങ്ങളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെ ഇരിക്കുക തുടങ്ങിയ ഇടക്കാല ജാമ്യ വ്യവസ്ഥകൾ 28 വരെ തുടരും.
29 മുതൽ ഈ നിബന്ധനകളിൽ ഇളവ് വരുത്തുമെന്ന് ഹൈക്കോടതി അറിയിച്ചു. കൂടാതെ, നായിഡുവിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ രാജമഹേന്ദ്രവാരം സെൻട്രൽ ജയിൽ സൂപ്രണ്ടിന് സമർപ്പിക്കുന്നതിന് പകരം 28നോ അതിന് മുമ്പോ വിജയവാഡയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ നവംബർ 16 ന്, ഈ കേസിൽ ആന്ധ്രാപ്രദേശ് പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സി.ഐ.ഡി) വേണ്ടി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി) പി സുധാകർ റെഡ്ഡിയും നായിഡുവിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയും നടത്തിയ വാദങ്ങളെത്തുടർന്ന് കോടതി വിധി പറയാൻ മാറ്റിവച്ചിരുന്നു.
ഹൈദരാബാദിലെ എൽ.വി പ്രസാദ് ആശുപത്രിയിൽ അടുത്തിടെ നായിഡു തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായി. സെപ്തംബർ 9ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ഒക്ടോബർ 31ന് ഇടക്കാല മെഡിക്കൽ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്, ഇത് സംസ്ഥാന ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |