ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളിക്കെതിരെ ഇന്തോ-പസഫിക് മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഓസ്ട്രേലിയയും ധാരണയിലെത്തി. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസും തമ്മിൽ ഡൽഹിയിൽ നടന്ന 2+2 പ്രതിരോധ,വിദേശകാര്യ ചർച്ചയിലാണ് തീരുമാനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച് ഇരുവരും തമ്മിൽ ഇന്ന് വിശദമായ ചർച്ച നടത്തും.
ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ പങ്കാളിത്തം ഇന്തോ-പസഫിക്കിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. പ്രതിരോധ പങ്കാളിത്തം ദൃഢമാക്കാനും സഹകരണം വിപുലീകരിക്കേണ്ട മേഖലകൾ കണ്ടെത്താനുമുള്ള ചർച്ചകളാണ് ഇന്നലെ നടന്നതെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു. സംയുക്ത സൈനിക അഭ്യാസങ്ങൾ,പ്രതിരോധ കൈമാറ്റങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കിടയിൽ വർദ്ധിക്കുന്ന സൈനിക സഹകരണത്തിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റം,സമുദ്ര മേഖലയിലെ സഹകരണം എന്നിവ വർദ്ധിപ്പിക്കാൻ ധാരണയായി. കപ്പൽ നിർമ്മാണം,കപ്പൽ-വിമാന അറ്റകുറ്റപ്പണികൾ,സഹകരണം വർദ്ധിപ്പിക്കും. പ്രതിരോധ സ്റ്റാർട്ടപ്പുകൾ തമ്മിലും കടലിനടിയിലെ സാങ്കേതികവിദ്യ സംബന്ധിച്ച സംയുക്ത ഗവേഷണത്തിലും സഹകരണം ഉറപ്പാക്കും. ഹൈഡ്രോഗ്രാഫി സഹകരണം,യുദ്ധ വിമാനങ്ങളിൽ ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനുള്ള സഹകരണം എന്നിവയിലും ചർച്ചകൾ നടന്നു.
ഓസ്ട്രേലിയയിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹവും 100,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ജീവനുള്ള പാലമായി മാറിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഓസ്ട്രേലിയയും അംഗമായ ക്വാഡ് കൂട്ടായ്‌മ പസഫിക് മേഖലയ്ക്കും നമ്മുടെ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിനും പ്രയോജനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |