തൃശൂർ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ വധിക്കാൻ ശ്രമം. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ അനീഷിന്റെ തലയിലും ദേഹത്തും മുഖത്തും മുറിവേറ്റു. അനീഷിനെ രക്ഷിക്കാൻ ശ്രമിച്ച ജയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബിനോയിക്കും പരിക്കേറ്റു. തടവുകാരായ അഷ്‌റഫ്, ഹുസൈൻ എന്നിവരാണ് അക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്‌സ് വാർഡിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ പാർപ്പിച്ചിരുന്നത്. ഹെപറ്റൈറ്റിസ് രോഗബാധിതരായ ഹുസൈനും അഷ്‌റഫും പരിശോധനയ്‌ക്ക് എത്തിയതായിരുന്നു. ജയിലിലെ ബാർബർ ഷോപ്പിൽ നിന്നാണ് ബ്ളേഡെടുത്തത്.
ജീവനക്കാർ പിടിച്ചുമാറ്റാനെത്തിയപ്പോൾ പ്രതികൾ ശരീരം മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ ഹുസൈൻ കൈ മുറിച്ചു. പിടിച്ചു മാറ്റിയ ഉദ്യോഗസ്ഥൻ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. കോഴിക്കോട് അമ്പായത്തോട് സ്വദേശിയാണ് അഷറഫ്. എറണാകുളം ജില്ലക്കാരനാണ് ഹുസൈൻ.
അനീഷിനെതിരെ 45 കേസ് അനീഷിനെതിരെ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 45 കേസുണ്ട്. കൊച്ചി സിറ്റി പൊലീസ് പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘവുമായുള്ള സംഘട്ടനത്തിൽ വലത്തെ തോളെല്ലിൽ നിന്ന് മാംസപേശി വേർപെട്ട നിലയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു അനീഷ്. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും, 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസിലുമായിരുന്നുഅറസ്റ്റ്. അനീഷിനെതിരെ കളക്ടർ കാപ്പയും ചുമത്തിയിരുന്നു. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്‌നാട്ടിൽ ഡി.എം.കെ എം.എൽ.എയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |