പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റിന്റെ പിന്തുണയിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും എംവിഡി പിടിച്ചെടുത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉടമ ഗിരീഷ്. ബസ് കഴിഞ്ഞ ദിവസം റാന്നിയിൽ എത്തിയപ്പോൾ അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. ഈ സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുമായി എത്തിയ എംവിഡി ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് ഉടമ ഗിരീഷ് പറഞ്ഞു. വാഹനം എആർ ക്യാമ്പിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ വയലേഷൻ ഓഫ് പെർമ്മിറ്റ് എന്നാണ് പറഞ്ഞത്. നാല് എഎംവിമാരാണ് ഇവിടെ നിന്ന് ആദ്യം മുതലേ കളിക്കുന്നത്. ഇവർ പല കുത്തിത്തിരിപ്പും ഉണ്ടാക്കുന്നുണ്ട്. കോടതികൾ പറഞ്ഞത് വായിച്ച് മനസിലാക്കാനുള്ള വിവരം പോലുമില്ല. സുപ്രീം കോടതിയുടെ വിധി കണ്ടിട്ട് എനിക്കൊന്നും മനസിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് ലോകം മുഴുവൻ കണ്ടതല്ലേ'- ഗിരീഷ് പറഞ്ഞു.
വണ്ടി ഇപ്പോൾ എംവിഡി ഉദ്യോഗസ്ഥരെ സൂക്ഷിക്കാൻ എൽപ്പിച്ചിരിക്കുകയാണെന്നും ഗിരീഷ് പരിഹാസ രൂപേണ പറഞ്ഞു. 'ഞാൻ ഈ ഒരു സംരംഭം തുടങ്ങുന്നത് മൂന്നോ നാലോ ദിവസം കൊണ്ട് നേരെയാക്കി എല്ലാവർക്കുമായി തുറന്നുകൊടുക്കുക എന്ന് ഉദ്ദേശിച്ചല്ല. 1947 മുതൽ 2023 വരെ ഏറ്റവും കറപ്റ്റഡ് ആയ, അഴിമതി വീരന്മാരായിട്ടുള്ള കട്ടുമുടിക്കുന്നവരുടെ പ്രസ്ഥാനമാണ് എംവിഡി. ആ സംവിധാനത്തിനെതിരെ ഞാൻ പയറ്റുമ്പോൾ ഇത്രയൊക്കെ അല്ലേ എനിക്ക് കുഴപ്പമുള്ളൂ. നാളെ ഇനി അതിലും വലുത് കാണാനിരിക്കും'- ഗിരീഷ് പറഞ്ഞു.
അതേസമയം, തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് റോബിൻ ബസ് വീണ്ടും എംവിഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് എംവിഡിയുടെ നടപടി. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
ഇതിനിടെ, ടൂറിസ്റ്റ് ബസുകൾ മറ്റു ബസുകളെപ്പോലെ സർവീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾ ദേശാസാത്കൃത റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ കെ എസ് ആർ ടി സിയ്ക്ക് മാത്രമാണ് സർവീസ് നടത്താൻ അവകാശമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |