SignIn
Kerala Kaumudi Online
Sunday, 01 September 2024 5.14 AM IST

എന്റെ പ്രിയ അനുജൻ : അര നൂറ്റാണ്ടിന്റെ ബന്ധം

Increase Font Size Decrease Font Size Print Page
kanam

കാനം രാജേന്ദ്രന്റെ മരണ വാർത്തയുമായി പൊരുത്തപ്പെടാനാവാത്ത മാനസികാവസ്ഥയിലാണ് ഞാനിപ്പോഴും .കാനവും ഞാനും തമ്മിലുള്ള ബന്ധത്തിന് അര നൂറ്റാണ്ടത്തെ പഴക്കമുണ്ട്. ട്രേഡ് യൂണിയൻ രംഗത്ത് ഞങ്ങൾ രണ്ടു പേരും വിശ്രമരഹിതമായി പ്രവർത്തിച്ചു. അതിന്റെ ഫലമായി എ .ഐ.ടി .യു.സി. അതിശക്തമായ പ്രസ്ഥാനമായി മാറി.

ഞാൻ മന്ത്രിയായപ്പോൾ കാനം രാജേന്ദ്രൻ എ .ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായി. വിദ്യാർത്ഥി-യുവജന,തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കാനം സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായി. ചന്ദ്രപ്പനു ശേഷം പാർട്ടി പ്രവർത്തകർ വലിയ പ്രതീക്ഷയോടെ കാനത്തിനെ സ്വാഗതം ചെയ്തു. അണികളുടെ പ്രതീക്ഷയ്ക്കൊത്ത് രാജേന്ദ്രൻ തന്റെ കഴിവുകൾ പ്രകടമാക്കി.

സി.പി.ഐ.യുടെ അഭിപ്രായം ഏതവസരത്തിലും തുറന്നടിച്ചു പറയാൻ രാജേന്ദ്രൻ തന്റേടം കാണിച്ചിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് അപചയം പറ്റുമ്പോൾ രാജേന്ദ്രൻ നിശിത വിമർശനവുമായി രംഗത്തെത്തും. ആശയപരമായി ഒരിക്കലും സന്ധി ചെയ്യാൻ ഒരുക്കമായിരുന്നില്ല. വ്യക്തപരമായി രാജേന്ദ്രൻ കരുത്തുള്ള നേതാവാണെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു. പാർട്ടിയുള്ളിലുണ്ടാകുന്ന അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും അസാമാന്യമായ ക്ഷമയോടെ നേരിട്ടിരുന്നു. ചില പക്ഷങ്ങൾ സി.പി.ഐ.യിലുണ്ടെന്ന വാർത്തയൊക്കെ രാജേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു.

അതിശക്തനായ വിദ്യാർത്ഥി നേതാവ്, പ്രതിഭാ സമ്പന്നനായ യുവജന നേതാവ്, നട്ടെല്ലുള്ള തൊഴിലാളി നേതാവ് തുടങ്ങി സി.പി.ഐ.യുടെ ദേശീയ സംസ്ഥാന നേതൃത്വ ഘടകങ്ങളിൽ ശക്തമായ സാന്നിദ്ധ്യം തെളിയിച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിലും കാനം ശ്രദ്ധേയനായിരുന്നു. കേരളത്തിലെ കെട്ടിട നിർമ്മാണതൊഴിലാളികൾക്കായി ക്ഷേമനിധി ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ കാനം എന്നും ജാഗരൂകനായിരുന്നു. ഇടതുപക്ഷ അപചയങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ രാജേന്ദ്രൻ ഒരൊറ്റയാനായി നിലയുറപ്പിച്ചിരുന്നു. അഴിമതിയുടെ കറ പുരളാത്ത പൊതുജീവിതം നയിക്കാനദ്ദേഹത്തിനു കഴിഞ്ഞു.

സി.കെ. ചന്ദ്രപ്പനു ശേഷം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കാനം പാർട്ടി സഖാക്കളിൽ പ്രതീക്ഷയും ആവേശവും സൃഷ്ടിച്ചു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും എൽ.ഡി.എഫ്. സർക്കാരും കാനം രാജേന്ദ്രനോട് കടപ്പെട്ടിരിക്കുന്നു. അധികാരത്തിന്റെ ആഡംബരങ്ങളിൽ ഒരിക്കലും കാനം താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇന്നത്തെ സി.പി.ഐ.നേതൃത്വം തന്നെ കാനത്തിന്റെ സവിശേഷമായ ഇടപെടലാണ്.

കേരള രാഷ്ട്രീയത്തിൽ തന്റേതായ ഒരിടം നേടിയെടുത്ത കാനം രാജേന്ദ്രനെ ഏതാനും ദിവസങ്ങൾക്കു മുൻപ് കണ്ടു മടങ്ങുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു. കിടക്കയിൽ തൊട്ടടുത്തിരുന്ന് ഞാൻ കാനവുമായി ദീർഘനേരം സംസാരിച്ചു. പാർട്ടിയുടെ സ്ഥിതി , എൽ.ഡി.എഫ്. പ്രവർത്തനങ്ങൾ ഇതൊക്കെയായിരുന്നു അദ്ദേഹം ഞാനുമായി പങ്കിട്ടത്.

വളരെ വേഗം മുറിവ് ഉണങ്ങുമെന്നും രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ രാജേന്ദ്രനു സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു. നല്ല പ്രതീക്ഷയോടെ ഞാൻ അമൃതാ ആശുപത്രിയുടെ പടികളിറങ്ങി.

സ്വന്തം പാർട്ടിയായാലും ഇടതുപക്ഷ പാർട്ടികളായാലും അപഥസഞ്ചാരം ആരംഭിക്കുമ്പോൾ രാജേന്ദ്രൻ ശക്തമായ ഇടപെടൽ നടത്തും. അഭിപ്രായം നിർഭയമായി പ്രകടിപ്പിക്കും.സമകാലീന രാഷ്ട്രീയ രംഗം കാനത്തെപ്പോലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിദ്ധ്യം വല്ലാതെ പ്രതീക്ഷിക്കുന്ന സന്ദർഭത്തിലാണ് കാനം വിട പറയുന്നത്.

തന്റെ ജീവിതത്തിലുടനീളം കാനം പാവപ്പെട്ടവരോടും അവരുടെ പ്രശ്നങ്ങളോടും ഒരു കമ്മ്യൂണിസ്റ്റു സമീപനം പ്രകടിപ്പിച്ചിരുന്നു.എത്രയോ രാത്രികൾ പകലുകൾ ; ഞാനും കാനം രാജേന്ദ്രനുമായി ഒരുമിച്ചു നടത്തിയ യാത്രകൾ, പൊതു യോഗങ്ങൾ, പാർട്ടി കമ്മിറ്റികൾ എല്ലാം ഞാനീ സന്ദർഭത്തിൽ ഓർത്തു പോവുകയാണ്.കാനം എന്നും എന്നെ ഒരു ജ്യേഷ്ഠ സഹോദരനായി കണ്ടിരുന്നു. ഞാനും കാനത്തിനെ ഒരനുജനെപ്പോലെ പരിഗണിച്ചിരുന്നു.

ഇനിയെത്രകാലം കഴിഞ്ഞാലും കേരളത്തിന്റെ പൊതുരംഗത്ത് ഇതു പോലൊരു കാനം രാജേന്ദ്രൻ ഉയർന്നു വരുമെന്ന് പറയാനാവില്ല. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന കാനം യാത്രയായി. എല്ലാം കഴിഞ്ഞു, ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ എന്ന ഭാവത്തിൽ. അവസാന നിദ്ര‌യിൽ വിലയം പ്രാപിച്ച രാജേന്ദ്രന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ വല്ലാതെ വികാരഭരിതനാകുന്നു. സഖാവേ , ലാൽസലാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.