SignIn
Kerala Kaumudi Online
Sunday, 01 September 2024 5.20 AM IST

വികസന ലക്ഷ്യവുമായി കണ്ണൂർ സർവകലാശാല

Increase Font Size Decrease Font Size Print Page

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയ ഉത്തരവ് റദ്ദാക്കിയ കോലാഹലങ്ങളുടെ അലയൊലികളൊന്നും യൂണിവേഴ്സിറ്റി പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല. യൂണിവേഴ്സിറ്റിയുടെ സ്വാഭാവികവും സാധാരണയുമായ പ്രവർത്തനങ്ങൾക്കപ്പുറത്തേക്ക് മറ്റ് ചില ലക്ഷ്യങ്ങളുമായി കണ്ണൂർ സർവകലാശാസ 2024-25 വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനം നടത്തി. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കന്നവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളുടെ പരീക്ഷ കേന്ദ്രം യൂണിവേഴ്സിറ്റി ആസ്ഥാനമായ താവക്കരയിൽ സ്ഥാപിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കുന്നു. വികസന പ്രവർത്തനങ്ങൾക്കും അക്കാഡമിക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകിയുള്ള ബഡ്ജറ്റാണ് ഇത്തവണ കണ്ണൂർ സർവകലാശാല പ്രഖ്യാപിച്ചിരിക്കുന്നത്.

321.33 കോടി

ചിലവ്

2024-25 വർഷത്തിൽ മുൻവർഷത്തെ ബാക്കി ഉൾപ്പെടെ 321.33 കോടി വരവും 312.35 കോടി ചിലവും വർഷാവസാനം 8.98 കോടി നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്. മണിപ്പൂർ കലാപത്തിനിരയായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ നീക്കി വച്ച് അടിസ്ഥാന വികസനത്തിനും അക്കാദമിക സൗകര്യത്തിനുമൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ബജറ്റ് മുൻതൂക്കവും നൽകി. പദ്ധതിയിനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് 40.77 കോടി പ്രതീക്ഷിച്ചാണ് പദ്ധതി ചിലവുകൾ വിഭാവനം ചെയ്തത്. പദ്ധതിയേതര ഇനത്തിൽ സർക്കാരിൽ നിന്ന് 90 കോടിയും തനത് വരുമാനമായി 65.12 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയേതര ഇനത്തിൽ 161.00 കോടിയുടെ ചിലവാണ് വകയിരുത്തിയത്.പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവും കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് എൻ.സുകന്യ പറഞ്ഞു. പരീക്ഷാ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ അടുത്ത അദ്ധ്യയന വർഷം 10 കോടി 82 ലക്ഷം രൂപ നീക്കി വച്ചു. സർവകലാശാലയുടെ ആസ്ഥാനത്ത് റൂസ ധനസഹായത്തോടെ പണി ആരംഭിച്ച സെമിനാർ കോംപ്ലക്‌സിന്റെ നിർമ്മാണ പ്രവർത്തി പൂർത്തിയാക്കാൻ കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പും ഈ വർഷം വകകൊള്ളിച്ചിട്ടുള്ളതുമടക്കം ആകെ 2 കോടിയും നീക്കി വച്ചു.

അക്കാദമിക് സൗകര്യങ്ങൾ

മെച്ചപ്പടുത്തും


പരീക്ഷ നടത്തിപ്പും മൂല്യനിർണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതമാക്കാൻ അടുത്ത അദ്ധ്യയന വർഷത്തേക്ക് 10.82 കോടി, വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാൻ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് പരീക്ഷാകേന്ദ്രം സ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ നൈപുണ്യവികസനം, കരിയർ ഗൈഡൻസ് എന്നിവയ്ക്കുമായി 25 ലക്ഷം രൂപ, വിവിധ പഠന വകുപ്പുകളിൽ പുതുതായി ആരംഭിച്ച കോഴ്സുകൾക്കും ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകൾക്കുമായി 30 ലക്ഷം രൂപ, ജെന്റർ സപ്പോർട്ട് പരിപാടികൾക്കായും ആരോഗ്യ കേന്ദ്രങ്ങളുടെ ഉന്നതിക്കായും 30 ലക്ഷം രൂപയും മാറ്റി വച്ചു.

അടിസ്ഥാന വികസന

പദ്ധതികളേറെ

ലൈബ്രറിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി നവീകരിക്കുന്നതിനും ക്വാളിറ്റി മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് അഡ്മിനിസ്‌ട്രേഷൻ നടപ്പിൽ വരുത്തുന്നതിനും 1.5 കോടി, വനിതാ ഹോസ്റ്റലിന്റെ വിപുലീകരണത്തിനും കെട്ടിടം അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി പാലയാട് ക്യാംപമ്പസിന് 2.5 കോടി, അഡ്മിനിസ്‌ട്രേഷൻ സേവനങ്ങൾ വിദ്യാർഥികൾക്കും ഗുണഭോക്താക്കൾക്കും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാക്കുന്നതിന് ഇ.ഗവേണൻസിനായി 3.5 കോടി, ധർമശാല കാമ്പസ് വനിതാ ഹോസ്റ്റലിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനും സ്റ്റാഫ് ക്വാർട്ടേഴ്‌സ് നവീകരണത്തിനും 40 ലക്ഷം, മാനന്തവാടി കാമ്പസിലെ വനിതാ ഹോസ്റ്റലിന്റെ വിപുലീകരണത്തിനും അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിനും 70 ലക്ഷം, മഞ്ചേശ്വരം കാമ്പസിലെ പ്രവർത്തനങ്ങൾക്ക് 1.5 കോടി, താവക്കര കാംപസിലും മാങ്ങാട്ടുപറമ്പ് കാമ്പസിലും റാമ്പ്/ലിഫ്റ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 50 ലക്ഷം രൂപ, മാങ്ങാട്ടുപറമ്പ് കാമ്പസിലെ എം.സി.ജെ വകുപ്പിൽ സ്റ്റുഡിയോ നിർമാണത്തിനായി 50 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

വിദൂര വിദ്യാഭ്യാസം

പുനഃക്രമീകരിക്കും

വിദൂര വിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കാനുള്ള ലൈഫ് ലോംഗ് ലേണിംഗ് ശക്തിപ്പെടുത്തും. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പ്രൈവറ്റ് രജിസ്‌ട്രേഷൻ സെന്ററുകളും സെൻന്റർ ഫോർ ലൈഫ് ലോംഗ് ലേർണിംഗിനു കീഴിൽ അഞ്ച് ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും തുടങ്ങും. അഫിലിയറ്റഡ് കോളേജുകളിൽ നാലുവർഷ യു.ജി പ്രോഗ്രാമുകളും അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളും ഈ വർഷം തുടങ്ങും. സിലബസ് പരിഷ്‌കരണം പുരോഗമിക്കുകയാണ്. പഠനവകുപ്പുകളിലും സെന്ററുകളിലും വാല്യു ആഡഡ് കോഴ്സ് അടുത്തവർഷം തുടങ്ങും.

ആവർത്തനവുമുണ്ട്


തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം കഴിഞ്ഞവർഷത്തേതിന്റെ ആവർത്തനമാണ്. ഇതുൾപ്പെടെയുള്ള ചില പദ്ധതികൾ സർവകലാശാലയുടെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വരുമാനം കൂട്ടാൻ ഓൺലൈൻ ചാനൽ തുടങ്ങുമെന്ന തീരുമാനം ഈ ബഡ്ജറ്റിലെന്നത് പോലെ കഴിഞ്ഞ ബഡ്ജറ്റിലുമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഓൺലൈനെന്ന് പറഞ്ഞത് ഇത്തവണ കുറച്ച് കൂടി വ്യക്തമാക്കി യൂട്യൂബ് ചാനൽ എന്ന് പറഞ്ഞെന്നു മാത്രം. താവക്കര കാമ്പസിലും മാങ്ങാട്ടുപറമ്പ് കാമ്പസിലും റാമ്പ്/ലിഫ്റ്റ് സൗകര്യങ്ങൾക്ക് കഴിഞ്ഞവർഷം ഒരുകോടി നീക്കിവച്ചത് ഈ വർഷം 50 ലക്ഷമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികളുടെ ശാക്തീകരണത്തിന് നീക്കിവച്ചത് അഞ്ചുലക്ഷം രൂപ മാത്രം. എല്ലാ കാമ്പസുകളിലും ഫിറ്റ്നസ് സെൻറർ, ടർഫ്, പ്ലേ ഗ്രൗണ്ട്, യോഗ ഹാൾ, കാമ്പസ് റിക്രിയേഷൻ ക്ലബ് എന്നിവ സ്ഥാപിക്കുന്നതിന് 75 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. താവക്കര കാമ്പസിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ കോടതിവിധിയനുസരിച്ചുള്ള നഷ്ടപരിഹാരം തീർപ്പാക്കാൻ തനതുഫണ്ടിൽനിന്ന് 7.25 കോടി ബന്ധപ്പെട്ട കോടതിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബഡ്ജറ്റ് വ്യക്തമാക്കുന്നു.

പദ്ധതികൾ നടപ്പിലാക്കാനും തനത്‌വരുമാനം വർദ്ധിപ്പിക്കാനും സർവകലാശാലയുടേതായ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്ന പ്രഖ്യാപനം കയ്യടികളോടെ സ്വീകരിക്കേണ്ടതാണ്. തനതുവരുമാനം വർദ്ധിപ്പിക്കാൻ സിൻഡിക്കറ്റും പ്ലാനിംഗ് ബോർഡും സ്റ്റാറ്റിയൂട്ടറി ഫിനാൻസ് കമ്മിറ്റിയും പദ്ധതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. സർവകലാശാലയുടെ വികസനത്തിനായി സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായം തേടാനും എം.പിമാരുടെയും എം.എൽ.എമാരുടെയും വികസന ഫണ്ട് അവരുടെ പരിധിയിലെ ക്യാമ്പസുകളിൽ ലഭ്യമാക്കാൻ ആവശ്യപ്പെടും. തുക ഈടാക്കി പഠനവകുപ്പുകളിൽ കൺസൽട്ടൻസി സർവീസ് നടത്തും. കെട്ടിടങ്ങൾ, ഓഡിറ്റോറിയം, സ്റ്റേഡിയം,​ ലബോറട്ടറി തുടങ്ങിയവ വാടക ഈടാക്കി പൊതുപരിപാടികൾക്ക് നൽകും. വിദൂരവിദ്യാഭ്യാസം നിറുത്തിയതിന്റെ ധനനഷ്ടം ഒഴിവാക്കാൻ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് പ്രയോജനപ്പെടുത്തി തുടങ്ങിയവയാണ് തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ. കണ്ണൂർ സർവകലാശാല അതിന്റെ പരിധിക്കുള്ളിലെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനമാണ് ബഡ്ജറ്റിൽ കാണാൻ സാധിക്കുന്നത്. വിവാദങ്ങൾക്കപ്പുറം സർവകലാശാലകളുടെ സവിശേഷമായ രംഗങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്രിയുടെ പേര് ഉയർന്നുവരേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.