SignIn
Kerala Kaumudi Online
Sunday, 01 September 2024 5.08 AM IST

മലയോരത്ത് കാറ്റ് മാറിവീശുമോ?

Increase Font Size Decrease Font Size Print Page

d

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന്റെ ഉഷ്ണം ഏറ്റവും നന്നായറിഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെടുത്. തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട്, പ്രവാസികൾ കൂടുതലുള്ള ജില്ല എന്നിങ്ങനെ സവിശേഷതകൾ ഏറെയുണ്ട്,​ ഈ മലയോര മണ്ഡലത്തിന്.

പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷം 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ആന്റോ ആന്റണി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസ് കോട്ട എന്നാണ് പത്തനംതിട്ടയെ പലരും വിശേഷിപ്പിച്ചത്. തുടർന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പകളിലും എൽ.ഡി.എഫിനും ബി.ജെ.പിയ്ക്കുമുണ്ടായ വോട്ടു വർദ്ധന ഇത്തവണ മണ്ഡല ചരിത്രം വഴിമാറുമോ എന്ന ചോദ്യമുയർത്തുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലൂടെ ആന്റോ ആന്റണി ഹാട്രിക് വിജയം കുറിച്ചെങ്കിലും ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയായത് കോൺഗ്രസ് കോട്ടയിൽ വിള്ളലുകളുണ്ടായതിന്റെ സൂചനയാണ്. കോൺഗ്രസ് വിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പാേസ് താമസ് 2014-ലും വീണാ ജോർജ് 2019-ലും യു.ഡി.എഫിന് കനത്ത പ്രഹരമേൽപ്പിച്ചു. എൽ.ഡി.എഫ് ജനകീയ അടിത്തറ വിപുലപ്പെടുത്തുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും അവരുടെ കൈയിലാണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ 2014-ലും ശബരിമല പ്രക്ഷോഭത്തിലൂടെ ഏകീകരിക്കപ്പെട്ട ഹിന്ദു വോട്ടുകളുടെ പിൻബലത്തിൽ 2019-ലും ബി.ജെ.പി വൻ മുന്നേറ്റം നടത്തി. മൂന്ന് മുന്നണികളുടെയും വോട്ടു വിഹിതത്തിൽ വലിയ അന്തരമില്ലാതെ വന്നത് ഇത്തവണ വിജയത്തിന്റെ കാറ്റ് ഏതു ദിശയിലേക്കു തിരിയുമെന്ന് പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയിലാക്കി. മത,​ സാമുദായിക ശാക്തീകരണവും കർഷക പ്രശ്നങ്ങളുമാണ് ഇവിടെ വിധി നിർണയിക്കുന്നത്.

യു.ഡി.എഫിനെ വിജയത്തിലെത്തിച്ച ക്രിസ്ത്യൻ വോട്ടു ബാങ്കുകളെ ലക്ഷ്യമാക്കി എൽ.ഡി.എഫ് കഴിഞ്ഞ രണ്ടു തവണയും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. ഇത്തവണ ലക്ഷത്തിലേറെ വരുന്ന പ്രവാസി വോട്ടുകൾ ലക്ഷ്യമിട്ട് ആഗോള പ്രവാസി സംഗമം തിരുവല്ലയിൽ സംഘടിപ്പിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിന് കളമൊരുക്കി. സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരുവല്ലയിൽ ഡി.സി.സി നേതൃസംഗമം നടത്തി തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ആക്കം കൂട്ടി. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകരുടെ യോഗങ്ങൾ നടത്തി ബ.ജെ.പി അടിത്തറ ബലപ്പെടുത്തുന്നു.

സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി തീരുമാനം ആന്റോ ആന്റണിക്ക് നാലാമൂഴത്തിനുള്ള അവസരമുണ്ടാക്കും. ആന്റോയെ 2019-ൽ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തിരുന്ന പാർട്ടിയിലെ പ്രബലർ ഇപ്പോൾ ശാന്തരാണ്. കെ.പി.സി.സി അംഗവും മുൻ ഡി.സി.സി പ്രസിഡന്റുമായ പി. മോഹൻരാജാണ് സ്ഥാനാർത്ഥായാകാൻ സാദ്ധ്യത കൽപ്പിക്കുന്ന മറ്റൊരു നേതാവ്. സീറ്റ് നൽകാമെന്നു പറഞ്ഞ് പാർട്ടി പലതവണ മോഹിപ്പിച്ചിട്ടുണ്ട്,​ മോഹൻരാജിനെ. കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി ചുമതലകൾ രാജിവച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുനയിപ്പിച്ചാണ് ഇന്ന് മോഹൻരാജിനെ തിരികെ കൊണ്ടുവന്നത്.

ഇടതു മുന്നണിയിൽ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്ക്, റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാം എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. ഏറെക്കാലമായി മണ്ഡലത്തിൽ പാർട്ടിയുടെ പൊതുപരിപാടികളിൽ മുഖ്യാതിഥിയാണ് തോമസ് ഐസക്. പ്രവാസി സംഗമത്തിന്റെ മുഖ്യ സംഘാടകൻ.

രാജു ഏബ്രഹാം പാർട്ടി, ബഹുജന സംഘടനകളുടെ പരിപാടികളുമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.

ബി.ജെ.പിയാകട്ടെ,​ ഇക്കുറി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന് ഒരു സൂചനയും നൽകിയിട്ടില്ല. ക്രിസ്ത്യൻ സഭകളുമായുള്ള അടുപ്പം പരിഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും ബി.ജെ.പി ദേശീയ വക്താവുമായ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അടിസ്ഥാന ഹിന്ദു വോട്ടുകൾക്കു പുറമേ,​ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ടുകൾ കൂടി സമാഹരിക്കാമെന്ന് പാർട്ടിക്ക് ആലോചനയുണ്ട്. നടൻ ഉണ്ണി മുകുന്ദന്റെ പേരും പറഞ്ഞു കേൾക്കുന്നു. മണ്ഡലത്തിൽ സ്വാധീനമുള്ള ബി.ഡി.ജെ.എസും സീറ്റ് ആഗ്രഹിക്കുന്നുണ്ട്.

വികസനം

പറയാനുണ്ട്

ഭരണിക്കാവ് - മുണ്ടക്കയം റോഡ് ദേശീയപാതയാക്കി. കേന്ദ്ര പദ്ധതിയിൽ ഏഴ് റോഡുകളുട‌െ നിർമാണം പൂർത്തിയാക്കി. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ച് കെട്ടിടം നിർമ്മിച്ചു. പാസ്‌പോർട്ട് സേവാ കേന്ദ്രവും എഫ്.എം സ്റ്റേഷനും തുടങ്ങി. തിരുവല്ല സ്റ്റേഷൻ നവീകരണം ആരംഭിച്ചു.

- ആന്റോ ആന്റണി എം.പി

എം.പിയെ

കാണാനില്ല!

പ്രളയകാലത്ത് എം.പിയുടെ ഒരു സഹായവുമുണ്ടായില്ല. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതല്ല എം.പിമാരുടെ പ്രവർത്തനം. 15 വർഷം എം.പിയായിരുന്നിട്ടും ശബരി റെയിൽപ്പാതയ്ക്കായി ഒന്നും ചെയ്തില്ല. റബർ കർഷകർക്ക് സഹായം ലഭ്യമാക്കിയില്ല. മണ്ഡലത്തിൽ എം.പിയെ കാണാനേയില്ല.

- കെ.പി. ഉദയഭാനു,​ സി.പി.എം ജില്ലാ സെക്രട്ടറി

എല്ലാം കേന്ദ്രം

തന്നതല്ലേ?​

എം.പിക്ക് വട്ടപ്പൂജ്യം കൊടുക്കേണ്ടിവരും. റെയിൽവേ സ്റ്റേഷനു വേണ്ടിയും കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കെട്ടിടത്തിനും ഫണ്ട് നൽകിയത് കേന്ദ്രമാണ്. ഇങ്ങനെയൊരു എം.പി വേണോയെന്ന് വോട്ടർമാർ ചിന്തിക്കും. ഈ തിരഞ്ഞെടുപ്പോടെ എം.പിയെ ജനം വീട്ടിലിരുത്തും.

- വി.എ സൂരജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

  • 2019ലെ വോട്ട്

ആന്റോ ആന്റണി (കോൺഗ്രസ്) 3,80,927 (37.11 ശതമാനം)

വീണാജാേർജ് (സി.പി.എം) 3,36,684 (32.80 ശതമാനം)

കെ.സുരേന്ദ്രൻ (ബി.ജെ.പി) 2,97,396 (28.97 ശതമാനം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.