
ബന്ദിപ്പൂർ: മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പൾ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ആനയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് പ്രത്യേക സംഘം പരിശോധിക്കും. 20 ദിവസത്തിനിടെ രണ്ട് തവണയാണ് ആനയ്‌ക്ക് നേരെ മയക്കുവെടി വച്ചത്.
ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്. ആനയുടെ കാലിന് പരിക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കർണാടകയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേത്തുടർന്ന് നീർജലീകരണം സംഭവിച്ചതായും ഇലക്‌ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനാലാണ് ആന തുടർച്ചയായി മണ്ണ് വാരി എറിഞ്ഞതെന്നും സംശയമുണ്ട്.
'അത്യന്തം ദുഃഖകരമായ വാർത്തയാണ്. പരിശോധന നടക്കുന്നതിനിടെ ആന ചരിഞ്ഞുവെന്ന് കേരളത്തിലെയും കർണാടകയിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നില്ല. ആനയ്‌ക്ക് മയക്കുവെടി വച്ചത് പോലും എല്ലാവരും കണ്ടതാണ്. അത്രയും സുതാര്യമായാണ് കാര്യങ്ങൾ ഇന്നലെ മുന്നോട്ടുപോയത്. തുടർനടപടികളും ഇതുപോലെ സുതാര്യമായിരിക്കണമെന്ന നിർദശം നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം സമയത്ത് കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ കൂടി പങ്കെടുപ്പിക്കാൻ കർണാടക വനംവകുപ്പ് സമ്മതിച്ചിട്ടുണ്ട്.'- വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍റെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണുള്ളത് ഇപ്പോഴുള്ളത്. വെറ്റിനറി സര്‍ജന്മാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |