SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.45 PM IST

13 മാസം റഷ്യയിൽ പിന്നീട് നാട്ടിലെ പ്രത്യേക കേന്ദ്രത്തിൽ, ഏതുസാഹചര്യത്തോടും പൊരുതാൻ 4 പേരെയും ഇന്ത്യ സജ്ജരാക്കിയ വഴി അറിഞ്ഞോളൂ

gaganyan-members

തിരുവനന്തപുരം: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഐഎസ്ആർഒ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്‌ടൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, ഗ്രൂപ്പ് ക്യാപ്‌ട‌ൻ അജിത് കൃഷ്‌ണൻ, ഗ്രൂപ്പ് ക്യാപ്‌ടൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ള എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

ഇന്ത്യൻ എയർഫോഴ്‌സുമായി ചേർന്നാണ് ഐഎസ്ആർഒ ഗഗൻയാൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാഥമികമായി ക്ളിനിക്കൽ ടെസ്‌റ്റ്, എയറോ മെഡിക്കൽ ടെസ്‌റ്റ്, സൈക്കളോജിക്കൽ ടെസ്‌റ്റ് എന്നിവയ‌്ക്ക് വിധേയരായവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരാണ് പ്രശാന്തും മറ്റുള്ളവരും. നാഷണൽ ക്രൂ സെലക്ഷൻ ബോർഡാണ് അവരെ ശുപാർശ ചെയ‌്തത്.

തുടർന്ന് റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മനോറ്റ് ട്രെയിനിംഗ് സെന്ററിലേക്ക് പരിശീലത്തിന് അയച്ചു. 13 മാസമായിരുന്നു റഷ്യയിലെ പരിശീലനം. ബഹിരാകാശ ദൗത്യത്തിലെ വിവിധങ്ങളായ ഘട്ടങ്ങൾ ഇവിടെ പരിശീലിക്കപ്പെട്ടു. പാരബോളിക് ഫ്ളൈറ്റ്, സർവൈവൽ ട്രെയിനിംഗ് ഇൻ ഓഫ് നോമിനൽ സ്നോ, ഡെസേർട്ട്- വാട്ടർ ലാൻഡിംഗ് എന്നിവയിൽ വിദ‌‌ഗ്‌ദ്ധ പരിശീലനം നേടി. റഷ്യയിലെ പരിശീലനത്തിന് പിന്നാലെ ഐഎസ്ആർഒയിലെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിലും കഠിനമായ ട്രെയിനിംഗ് നൽകി. ശാരീരിക വ്യായാമ മുറകൾ, നീന്തൽ, യോഗ എന്നിവയും പരിശീലിപ്പിച്ചതിന് ശേഷമാണ് ഗഗൻയാൻ ദൗത്യത്തിലേക്ക് സംഘത്തെ സജ്ജമാക്കി മാറ്റിയത്.

9000 കോടിയുടെ ഗഗൻയാൻ

കഴിഞ്ഞ അഞ്ച് വർഷങ്ങളായി നിരവധി ഗ്രൗണ്ട്, ലബോറട്ടറി പരീക്ഷണ- ഗവേഷണങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് ഗഗൻയാനിലൂടെ യാഥാർത്ഥ്യമാകുന്നത്. 2025-ഓടെ ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിച്ച് നമ്മൾ ചരിത്രം കുറിക്കും.അതിന്റെ ആദ്യചുവടുവയ്‌പാണ് ഇന്ന്.

1963 നവംബർ 21നു വൈകിട്ട് 6.25ന് തുമ്പയിൽ നിന്ന് ഒരു അമേരിക്കൻ നിർമിത 'നൈക്ക്–അപ്പാഷെ' സൗണ്ടിംഗ് റോക്കറ്റ് തൊടുത്തുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ യാത്ര ആരംഭിച്ചത്.അന്ന് അമേരിക്കയും റഷ്യയും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു. വൈകാതെ റഷ്യക്കാരൻ ബഹിരാകാശത്ത് നടന്നു. അമേരിക്കക്കാരൻ ചന്ദ്രനിൽ ഇറങ്ങി. ചെെന സ്വന്തമായി റോക്കറ്റുകളുണ്ടാക്കി.എന്നാൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം 1968-ൽ എസ്.എൽ.വി–3 യിലൂടെയായിരുന്നു. പിന്നെയും പന്ത്രണ്ട് വർഷത്തിനു ശേഷം 1980-ലാണ്‌ ഇന്ത്യ സ്വന്തം വിക്ഷേപണ വാഹനം ഉപയോഗിച്ച് നമ്മുടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.

പിന്നീടിങ്ങോട്ട് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും അതിലേക്കുള്ള പുരോഗതിയുടെ കഥയും വിസ്മായാവഹമാണ്. ഗഗൻയാൻ ആകാശ പരീക്ഷണങ്ങൾ ഒരു തുടക്കമാണ്. അതോടൊപ്പം ഇന്ത്യൻ സ്പെയ്സ് എക്കണോമിയുടെ വമ്പൻ കുതിപ്പും! ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തെത്തുമ്പോൾ രണ്ടു തരത്തിലാണ് നേട്ടം. ഇന്ത്യ എന്ന രാജ്യം ആഗോളതലത്തിൽ ശാസ്ത്ര സാങ്കേതിക ശേഷി തെളിയിക്കുന്നു. രണ്ടാമത്. ആഗോള സ്പെയ്സ് എക്കണോമിയിൽ അതുണ്ടാക്കുന്ന മാറ്റം. ഇന്ത്യയ്ക്ക് അതുകൊണ്ടുണ്ടാകുന്ന നേട്ടം സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്. ഗഗൻയാൻ പരീക്ഷണത്തിനൊപ്പം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശ പദ്ധതികൾ ഈ ലക്ഷ്യം മുൻനിറുത്തിയുള്ളതാണ്.

മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. 2025-ൽ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഭൂമിയിൽ നിന്ന് 400 കി.മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും പേടകം എത്തിക്കുക. ഇത് നടപ്പാക്കുന്നതോടെ അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമതു രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.

വളരുന്ന സ്പെയ്സ് ഇക്കോണമി

ആഗോളതലത്തിൽ 383 ദശലക്ഷം അമേരിക്കൻ ഡോളാണ് സ്പെയ്സ് ഇക്കോണമിയുടെ വ്യാപ്തി. അതിൽ ഇന്ത്യയുടെ പങ്ക് വെറും എട്ട് ദശലക്ഷം ബില്ല്യൻ ഡോളറാണ്. 2040-ൽ ആഗോളതലത്തിൽ ഇത് ഒരു ട്രില്ല്യൺ ഡോളറായി (1000 ബില്ല്യൻ യു.എസ്.ഡോളർ)വർദ്ധിക്കും.ഇപ്പോഴത്തെ നിലയനുസരിച്ച് 2040ആകുമ്പോഴേക്കും ഇന്ത്യയുടെ വിഹിതം 40 ബില്ല്യൻ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരായ 'മോർഗൻ സ്റ്റാൻലി'യുടെ നിഗമനം. എന്നാൽ ഗഗൻയാൻ വിജയം കണ്ടാൽ അത് 100 ബില്ല്യൻ യു.എസ്. ഡോളർ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ഗഗൻയാൻ പദ്ധതി ഇന്ത്യയ്ക്ക് സമ്മാനിക്കുക ബഹിരാകാശ സാമ്പത്തിക മേഖലയിലെ അഗ്രഗണ്യസ്ഥാനമാ‌യിരിക്കുമെന്ന് ചുരുക്കം.

ഇതിലേക്ക് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ചന്ദ്രയാൻ അടക്കമുള്ള ദൗത്യങ്ങൾ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത് ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നൽകി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ സ്വന്തം പോയിന്റ് മാർക്ക് ചെയ്തു- ശിവശക്തി പോയിന്റ്. പിന്നാലെ സൂര്യനെ പഠിക്കാൻ ആദിത്യ- എൽ1 വിക്ഷേപിച്ചു. അത് വിജയിക്കുന്നതോടെ മറ്റൊരു നാഴികകല്ലും പിന്നിടും. ഇതിനു മുമ്പ് മംഗൾയാൻ എന്ന ചൊവ്വാ പര്യവേഷണ പേടകം ആദ്യശ്രമത്തിൽത്തന്നെ വിജയിച്ചിരുന്നു. കുറഞ്ഞ ചെലവിലുള്ള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ആഗോളതലത്തിൽ മുന്നിലാണ് ഇന്ത്യ. ഗഗൻയാനും സ്പെയ്സ് സ്റ്റേഷനും ഉൾപ്പെടെയുള്ള ദൗത്യങ്ങൾ ഇന്ത്യൻ സ്പെയ്സ് ഇക്കോണോമിക്ക് കരുത്തേകും.

കേരളത്തിന്റെ സ്പെയ്സ് പാർക്ക്

ചന്ദ്രയാൻ വിജയത്തിനു പിന്നാലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലുണ്ടായ അംഗീകാരം മാത്രം നോക്കിയാൽ മതി, സ്പെയ്സ് ഇക്കോണോമിയിൽ സമീപകാല ബഹിരാകാശ ദൗത്യങ്ങളുണ്ടാക്കിയ മാറ്റം. അതിന്റെ ഗുണം കേരളത്തിലെ സ്പെയ്സ് പാർക്കിനു പോലും കിട്ടുമെന്നോർക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ ദൗത്യങ്ങൾ ആഗോള തലത്തിൽ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഇതിനകം നിരവധി സ്വകാര്യ കമ്പനികൾ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ലോഖീദ് മാർട്ടിൻ, സ്‌പേസ് എക്സ്,​ ബോയിങ്, ബ്ലൂ ഒറിജിൻ പോലുള്ള കമ്പനികൾ നാസയുടെ പലവിധ ദൗത്യങ്ങളിൽ പങ്കാളികളാവുന്നത് അങ്ങനെയാണ്.

ഈ രീതി ഇന്ത്യയിലും പ്രാവർത്തികമാക്കാനാണ് സർക്കാരിന്റെയും ഇസ്രോയുടെയും നീക്കം. സ്വകാര്യ കമ്പനികൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യകളിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 2019- ൽ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എൻ.എസ്‌.ഐ.എൽ) സർക്കാർ തുടക്കമിട്ടത്.

എന്തായാലും സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇന്ത്യയുടെ പുതിയ എൻ.ജി.എൽ.വി റോക്കറ്റിന്റെ നിർമ്മാണം. സ്വകാര്യ മേഖലയുടെ കഴിവും ഐ.എസ്,​ആർ.ഒയുടെ വൈദഗ്ദ്ധ്യവും റോക്കറ്റ് നിർമാണത്തിന്

പ്രയോജനപ്പെടുത്തും.


സ്‌പേസ് എക്സിന് സമാനമായി ആശയവിനിമയ ഉപഗ്രഹവ്യൂഹം വിന്യസിക്കുന്നതിനും ശൂന്യാകാശത്തെ ബഹുദൂര ദൗത്യങ്ങൾ, ഗഗൻയാൻ പോലുള്ള മനുഷ്യയാത്രാ ദൗത്യങ്ങൾ, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പടെ ഭാവി ദൗത്യങ്ങളുടെ ഭാഗമായ ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കും ഈ ശക്തിയേറിയ വിക്ഷേപണ വാഹനം പ്രയോജനപ്പെടുത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്. ഉപഗ്രഹ സാങ്കേതിക വിദ്യകളിലൂന്നിയ വിവിധ തദ്ദേശീയ സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുക, ഉപഗ്രഹ വിനിമയ സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്മാർട് സിറ്റികളുടെ വികാസം, ആഗോള തലത്തിൽ ഉപഗ്രഹം വഴിയുള്ള ആശയ വിനിമയം, ഗതി നിർണയം, നിരീക്ഷണം എന്നിവ സാദ്ധ്യമാക്കുക തുടങ്ങി സ്പെയ്സ് ഇക്കോണമി തുറന്നിടുന്നത് അനന്തസാദ്ധ്യതകളാണ്.

ഇന്ത്യയുടെ ലക്ഷ്യങ്ങൾ

ഗഗൻയാനിനു പിന്നാലെ 2035-ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കുക എന്നിവയാണ് ഇന്ത്യയുടെ വരുംകാല ബഹിരാകാശ ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി ബഹിരാകാശ വകുപ്പ് ചന്ദ്ര പര്യവേഷണത്തിനായി ഒരു മാർഗരേഖ വികസിപ്പിക്കും.

കൂടാതെ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി), പുതിയ റോക്കറ്റ് ലോഞ്ച് പാഡിന്റെ നിർമ്മാണം, മനുഷ്യ കേന്ദ്രീകൃതമായ ലബോറട്ടറികൾ,​ മറ്റ് അനുബന്ധ സാങ്കേതിക വിദ്യകൾ എന്നിവയും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ശുക്രനിലേക്ക് വീനസ് ഓർബിറ്റർ മിഷൻ, ചൊവ്വയിലേക്ക് മാർസ് ലാൻഡർ എന്നിവയും ഉടൻ യാഥാർത്ഥ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ISRO, GAGANYAAN, PMMODI, PRASANTH BALAKRISHNAN NAIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.