SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

ഇരട്ടി ശിക്ഷയിലൂടെ ഓർമ്മിപ്പിക്കുന്നത്

Increase Font Size Decrease Font Size Print Page
x

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിന്യായം ഒരിക്കൽക്കൂടി ആ നിഷ്ഠൂര സംഭവത്തെക്കുറിച്ച് ഞെട്ടലുളവാക്കുന്ന ഓർമ്മകളാണു നൽകുന്നത്. വിചാരണക്കോടതി ആറു പ്രതികൾക്കു നൽകിയ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ഇരട്ടജീവപര്യന്തമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. സെഷൻസ് കോടതി വെറുതെവിട്ട രണ്ടു പ്രതികളെ പുതുതായി ജീവപര്യന്തം തടവിനു ശിക്ഷിച്ചതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കേസിലെ പതിമൂന്നു പ്രതികൾ രണ്ടുലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്നാണ് വിധി. പ്രതികളിൽ മരണപ്പെട്ട സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഭാര്യയ്ക്കാണ് ഈ പിഴ കെട്ടിവയ്ക്കാനുള്ള ബാദ്ധ്യത.

സ്ഥലത്തെ സി.പി.എം പ്രവർത്തകനായിരുന്ന ടി.പി. ചന്ദ്രശേഖരൻ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് പാർട്ടി വിട്ട് ആർ.എം.പി എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2012 മേയ് 4-നു രാത്രി ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ കാത്തുനിന്ന കൊലയാളികൾ ബോംബെറിഞ്ഞു വീഴ്‌ത്തി അതിപൈശാചികമായി ചന്ദ്രശേഖരനെ വകവരുത്തുകയായിരുന്നു. ജീവനറ്റ ആ ജഡത്തിൽ 51 വെട്ടേറ്റതിന്റെ മുറിവുകൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സി.പി.എം നേതാക്കൾ വാടകക്കൊലയാളികളെ നിയോഗിച്ച് ടി.പി. ചന്ദ്രശേഖരനെ വകവരുത്തിയെന്നായിരുന്നു കേസ്.

ടി.പി. വധത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് അന്നും ഇന്നും സി.പി.എം നേതൃത്വത്തിന്റെ നിലപാടെങ്കിലും സംഭവത്തിൽ ഉൾപ്പെട്ട പ്രതികളുടെ കൂട്ടത്തിൽ പാർട്ടി പ്രവർത്തകരുമുണ്ടെന്നുള്ളത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ എതിരാളികളെ കൊല്ലുന്നത് ഒരു വിധത്തിലും സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണ്. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചതും അതുതന്നെയാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്ഠൂരവും പ്രാകൃതവും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന കോടതി നിരീക്ഷണത്തോടൊപ്പമാണ് സമൂഹ മനസ്സുകളും. പ്രധാന പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അപൂർവത്തിൽ അപൂർവമായ കേസിന്റെ പരിധിയിൽ ഇതു വരില്ലെന്ന അഭിപ്രായമാണ് കോടതി കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഇരട്ടിയാക്കി,​ ഇത്തരം കുറ്റവാളികൾക്ക് ശക്തമായ താക്കീതു നൽകാനാണ് കോടതി ശ്രമിച്ചത്.

ശിക്ഷാകാലാവധിയുടെ ആദ്യ ഇരുപതു വർഷവും ഒരിക്കൽപ്പോലും ഒൻപതു പ്രതികളും പരോളിൽ പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ ശിക്ഷ കടുപ്പിച്ചതോടെ ജീവപര്യന്തം ശിക്ഷ പോലും ഒന്നുമല്ലെന്നു കരുതുന്ന കുറ്റവാളികൾക്ക് വലിയ പാഠമാകും നൽകുക. രാഷ്ട്രീയ പിടിപാടുണ്ടെങ്കിൽ ജയിൽ ജീവിതവും ആഹ്ളാദകരമാക്കുന്നതാണല്ലോ രാജ്യത്തെ പൊതുവായ ശിക്ഷാ കാലാവധി. സെഷൻസ് കോടതി വിധിച്ച ശിക്ഷ കൂട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ പ്രതികൾക്ക് അവസരം നൽകിയിരുന്നു. കുടുംബത്തെ നോക്കാൻ ശിക്ഷാ ഇളവു നൽകണമെന്നാണ് മിക്ക പ്രതികളും അപേക്ഷിച്ചത്. എന്നാൽ,​ ഇതേപോലെ അമ്മയും ഭാര്യയും കുഞ്ഞുമൊക്കെ ഉണ്ടായിരുന്ന ആണൊരുത്തനെയാണ് തങ്ങൾ നിർദ്ദയം വെട്ടിത്തുണ്ടാക്കിയതെന്ന യാഥാർത്ഥ്യം അവർ ഓർത്തിരിക്കില്ല. ക്വട്ടേഷനെടുത്ത് കൊലപാതകങ്ങൾ നടത്തുന്ന ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയണം. വിയോജിക്കുന്നവരെ ഇല്ലാതാക്കുകയല്ല അതിജീവിക്കുകയാണു വേണ്ടത്. അത്തരത്തിലൊരു രാഷ്ട്രീയ സംസ്കാരം വളർന്നുവരേണ്ടതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരവൽക്കരിക്കുകയോ സാധാരണ മട്ടിൽ കാണുകയോ ചെയ്യരുതെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം രാഷ്ട്രീയ നേതൃത്വങ്ങൾ ഉൾക്കൊള്ളുക തന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.