SignIn
Kerala Kaumudi Online
Saturday, 15 June 2024 5.39 PM IST

അപക‌‌ടക്കെണിയാകുന്ന പൊതു നിരത്തുകൾ

c

വാഹനാപകട മരണ വാർത്തകളില്ലാതെ ഒരു ദിവസവും വാർത്തമാനപ്പത്രങ്ങൾ പുറത്തിറങ്ങുന്നില്ല. അമിത വേഗതയോ അശ്രദ്ധയോ റോഡ് സാഹചര്യങ്ങളുടെ കുഴപ്പമോ ഒക്കെയാകും മിക്ക വാഹനാപകടത്തിനും ഇടയാക്കുന്നത്. റോഡ് അപകടങ്ങളിൽ ഇരകളാകുന്നവരിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരായിരിക്കും. എന്നാൽ,​ പതിവു വാഹനാപകടങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒന്നല്ല കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്,​ ടോറസ് ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് തലയിൽ വീണ്,​ സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥി ദാരുണമായി മരിക്കാനിടയായ സംഭവം. വിഴിഞ്ഞം മുക്കോല- ബാലരാമപുരം റോഡിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് മുല്ലൂർ കാഞ്ഞിരംവിളയിൽ അജികുമാറിന്റെയും ബിന്ദുവിന്റെയും മകൻ അനന്തുവിന്റെ ജീവനാണ്. ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന അനന്തു രാവിലെ കോളേജിലേക്ക് പോകുംവഴിയാണ്,​ മരണം ടോറസ് ലോറിയുടെ രൂപത്തിലെത്തിയത്. അമിത ലോഡുമായി അതിവേഗതയിൽ പാഞ്ഞ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

ടിപ്പറുകളും ടോറസുകളും വഴിയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും ജീവനെടുക്കുന്നത് ആദ്യമായല്ല. ദേശീയപാതാ വികസനവും മറ്റുമായി ബന്ധപ്പെട്ട ജോലികൾ സംസ്ഥാനത്തുടനീളം നടക്കുന്നതുകൊണ്ട് നിരത്തുകളിൽ പകൽനേരത്ത്,​ തിരക്കേറിയ സമയങ്ങളിൽപ്പോലും ഇവയുടെ പരക്കംപാച്ചിൽ പതിവാണുതാനും. അപകടം വരുത്തിവയ്ക്കുന്നതിൽ കല്ലും മണലും മറ്റു നിർമ്മാണ സാമഗ്രികളുമായി പോകുന്ന ഇത്തരം വാഹനങ്ങൾക്ക് സമയ നിബന്ധനയും വേഗനിയന്ത്റണവും,​ സാമഗ്രികൾ കയറ്റിക്കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുമൊക്കെയുണ്ട്. വിഴിഞ്ഞത്ത് അപകടം വരുത്തിവച്ച ടോറസ് ലോറി,​ തുറമുഖപ്രദേശത്തെ നിർമ്മാണ പ്രവൃത്തികൾക്കായാണ് കരിങ്കല്ലു കയറ്റി പോയിരുന്നത്. ഇവിടേയ്ക്ക് ദിവസവും നൂറുകണക്കിന് ലോഡ് കരിങ്കല്ല് ഇതുപോലെ എത്തിക്കാറുമുണ്ട്. കയറ്റാൻ അനുമതിയുള്ളതിലും അധികം ലോഡ് കയറ്റിയതും,​ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമെല്ലാം ചേർന്ന് അവിടെ അപകടക്കെണിയൊരുക്കുകയായിരുന്നു.

കരിങ്കല്ലുമായി പോകുന്ന ലോറികളിൽ,​ അപകടങ്ങൾക്ക് ഇടയാക്കുംവിധം ലോഡ് മുകളിലേക്ക് തള്ളിനിൽക്കരുതെന്നും,​ പൊടിയും കരിങ്കല്ലിന്റെ ചെറുചീളുകളും കാറ്റിൽ പാറിവീണ് വഴിയാത്രക്കാർക്കും ടുവീലർ യാത്രികർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പച്ച നെറ്ര് ഉപയോഗിച്ച് ലോഡ് മൂടണമെന്നുമാണ് ചട്ടം. പച്ച നെറ്റ് ഉപയോഗിച്ച് ലോഡ് മൂടുമെങ്കിലും,​ അത് അമിത ലോഡ് കാഴ്ചയിൽ നിന്ന് മറച്ചുവയ്ക്കാനായിരിക്കും പലപ്പോഴും ഉപയോഗിച്ചിരിക്കുക. ടോറസിലേക്കും മറ്രും പാറമടകളിൽ നിന്ന് കല്ലു കയറ്റുന്നത് ജെ.സി.ബി ഉപയോഗിച്ചാവും. ലോറി വേഗത്തിൽ ഓടുന്നതിനിടെ കല്ല് തെറിച്ചുവീഴാതിരിക്കണമെങ്കിൽ ലോഡിന്റെ നിരപ്പ് ക്രമപ്പെടുത്തണം. അതിന് തൊഴിലാളികളെ നിയോഗിക്കുന്നതിലെ അധികച്ചെലവ് ഒഴിവാക്കാനായിരിക്കും കൊള്ളലാഭത്തിൽ കണ്ണുവയ്ക്കുന്ന കരാറുകാരുടെ ശ്രമം. നിശ്ചിത സമയത്തിനകം പരമാവധി ലോഡ് സ്ഥലത്തെത്തിക്കാൻ ഡ്രൈവർമാർ ഓവർസ്പീഡിൽ വാഹനം പറപ്പിക്കുകയും ചെയ്യും. കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും എത്ര ശ്രദ്ധിച്ചാലും ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളുടെ ഇരകളാകാൻ വിധിക്കപ്പെടുകയും ചെയ്യും.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായ നിർമ്മാണജോലികളിൽ നിന്ന് ടിപ്പറുകളെയും ടോറസുകളെയും ഒഴിവാക്കുക അസാദ്ധ്യമായിരിക്കെ,​ അവയിൽ കയറ്റാവുന്ന ഭാരത്തിനും ലോഡുമായി പൊതുനിരത്തുകളിൽ സഞ്ചരിക്കാവുന്ന വേഗത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. നിശ്ചിത സുരക്ഷാ മാനദണ്‌ഡങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും പരിശോധനാ സംവിധാനം വേണം. നിയമലംഘനം നടത്തുന്ന ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കുക മാത്രമല്ല,​ അപകടം വരുത്തിവയ്ക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കത്തക്ക വകുപ്പുകൾ ചുമത്തുകയും വേണം. നിരത്തുകളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടാകരുത്. ഇനിയൊരു ജീവനും ഇത്തരത്തിൽ പൊലിയാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD ACCIDE4NT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.