SignIn
Kerala Kaumudi Online
Sunday, 01 September 2024 5.10 AM IST

ഫാൽക്കണിന്റെ ഇന്ത്യൻ പതിപ്പിലേക്ക് അല്പദൂരം പുഷ്പക'വിമാനം'

Increase Font Size Decrease Font Size Print Page
rlv

വിക്ഷേപണ വാഹനത്തിൽ ഘടിപ്പിച്ചാണ് ഉപഗ്രഹങ്ങളും ബാഹിരാകാശ നിലയങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. റോക്കറ്റുകളാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ. സാധാരണ വിക്ഷേപണ വാഹനങ്ങൾ ഒരിക്കൽ ഉപയോഗിച്ചാൽ,​ ആ വിക്ഷേപണത്തോടെ അവ നശിച്ചുപോകും. വീണ്ടും ഉപയോഗിക്കാനാവില്ലെന്ന് ചുരുക്കം. റോക്കറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ ആ ഭാഗം അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനാവും. വീണ്ടും വീണ്ടും ഉപയോഗിക്കാനാകുന്ന (റീയൂസബിൾ)​ റോക്കറ്റ് ബഹിരാകാശ ഗവേഷകരുടെ സ്വപ്നമാണ്.

ആദ്യമായി അത് യാഥാർത്ഥ്യമാക്കിയത് അമേരിക്കയിലെ സ്പെയ്സ് എക്സ് ആണ്. അവരുടെ ഫാൽക്കൺ 9 ഫുൾ ത്രസ്റ്റ് റോക്കറ്റ് വീണ്ടും ഉപയോഗിക്കാനാകും. എന്നിരുന്നാലും പൂർണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഇപ്പോഴില്ല. അതിലേക്ക് ഒരു വലിയ ചുവട് വച്ചിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. പുഷ്പക് മൂന്നാമത്തെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. റഷ്യയുടെ ക്രെെലോ എസ്.വി,​ ജപ്പാന്റെ കംകോമാരു, ചെെനയുടെ കുയ്സോവു, ഫ്രാൻസിന്റെ ഏരിയൻ ആർ.എൽ.വി,​ അമേരിക്കയുടെ സ്പെയ്സ് ഷട്ടിൽ എന്നിവ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഒറ്റഘട്ടത്തിൽ നിന്ന് ഭ്രമണപഥത്തിലേക്ക് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ സയൻസ് ഫിക്ഷനിൽ നിലവിലുണ്ട്.1960-കളിലും 1970-കളിലും പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടിൽ ആൻഡ് എനർജിയ വിക്ഷേപണ വാഹനങ്ങൾ നിർമ്മിച്ചിരുന്നെങ്കിലും, 1990-കളായിട്ടും വിക്ഷേപണങ്ങളിൽ ഇവ വിജയിപ്പിക്കാനായിരുന്നില്ല. ഇതോടെ പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ആശയങ്ങൾ പ്രോട്ടോടൈപ്പ് ടെസ്റ്റിംഗിലേക്ക് ചുരുങ്ങി.

സ്വകാര്യ ബഹിരാകാശ വിക്ഷേപണ സേവന ദാതാക്കളായ സ്‌പേസ് എക്സ് 2017 മുതൽ അതിന്റെ ഫാൽക്കൺ 9, ഫാൽക്കൺ എന്നീ ഹെവി റോക്കറ്റുകളിലൂടെ,​ ഭാഗികമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനങ്ങൾ പ്രദർശിപ്പിച്ചതോടെയാണ് റിയൂസബിൾ വിക്ഷേപണ വാഹനങ്ങളുടെ ശ്രേണിയിൽ ഉണർവു വന്നത്. സ്റ്റാർഷിപ്പ് എന്ന,​ പൂർണമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന സംവിധാനത്തിനായി സ്‌പേസ് എക്സ് പ്രവർത്തിക്കുന്നുണ്ട്.

നമ്മുടെ

പുഷ്പക്

ഐ.എസ്.ആർ.ഒയുടെ പുനരുപയോഗ റോക്കറ്റിന് പുഷ്പക് എന്നാണ് പേരിട്ടിരിക്കുന്നത്. ലങ്കായുദ്ധ വിജയത്തിനു ശേഷം ശ്രീരാമനും സീതയും ഭാരതത്തിലേക്കു മടങ്ങിയെത്തിയ ആകാശ വാഹനമാണ് പുഷ്പക് (പുഷ്പകവിമാനം)​.

2010-ൽത്തന്നെ ഐ.എസ്.ആർ.ഒ റീലോഞ്ചബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർ.എൽ.വി)​ ആദ്യ പരീക്ഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. 2015-ൽ വീണ്ടും ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ അപ്പോഴും വെല്ലുവിളിയായി.

2,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വലിയ വാർത്താ വിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള വിപണിയിലേക്കു കടക്കാൻ ഐ.എസ്എ.ആർ.ഒയെ പ്രാപ്തമാക്കുന്ന ഹെവി ലിഫ്റ്റ് ജി.എസ്.എൽ.വി, അതിന്റെ ഉയർന്ന പതിപ്പായ ജി.എസ്.എൽ.വി- എം.കെ എന്നിവയുടെ വികസനത്തിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഐ.എസ്.ആർ.ഒ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ പുനരുപയോഗ വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ അല്പം പിന്നാക്കം പോയി. ഒടുവിൽ, ആദ്യ പരീക്ഷണം 2016 മെയ് 23 നാണ് നടത്താനായത്.

പരീക്ഷണത്തിന്റ

ഒന്നാം ചുവട്

ആദ്യ പരീക്ഷണം നടത്തിയപ്പോൾ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ അതിനെ ആർ.എൽ.വിയുടെ വികസനത്തിലെ 'ബേബിസ്റ്റെപ്പ്' എന്നാണ് വിശേഷിപ്പിച്ചത്. 1.75 ടൺ ഭാരമുള്ള ആർ.എൽ.വി ടി.ഡിയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് 91.1 സെക്കൻഡ് നേരത്തേക്ക് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും,​ അത് ഏകദേശം 56 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിൽ നിന്നു വേർപെട്ട് ഏകദേശം 65 കിലോമീറ്റർ ഉയരത്തിലെത്തുകയും ചെയ്തു. ഈ ഉയരത്തിൽ നിന്ന്, ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ആർ.എൽ.വി സ്വന്തം സംവിധാനങ്ങളാൽ ഗതി നിയന്ത്രിച്ച്, ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സ്ഥലത്തു നിന്ന് 450 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ മുൻകൂട്ടി നിശ്ചയിച്ച ലാൻഡിംഗ് നടത്തി.


ശ്രീഹരിക്കോട്ടയിലെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നും കപ്പലിലെ ടെർമിനലിൽ നിന്നുമാണ് ആർ.എൽ.വി ട്രാക്ക് ചെയ്തത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ചത് 8 കി.മീ/സെക്കന്റ് വേഗത്തിലായിരുന്നു. മൊത്തം 770 സെക്കൻഡാണ് ഇത് നീണ്ടുനിന്നത്. ആദ്യ യാത്രയിൽ, 'ഓട്ടോണമസ് നാവിഗേഷൻ, മാർഗ്ഗനിർദ്ദേശം, നിയന്ത്രണം, പുനരുപയോഗിക്കാവുന്ന തെർമൽ പ്രൊട്ടക്ഷൻ സിസ്റ്റം, റീഎൻട്രി മിഷൻ മാനേജ്‌മെന്റ് തുടങ്ങിയ നിർണായക സാങ്കേതികവിദ്യകൾ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടു.

ലാൻഡിംഗിലെ

രണ്ടാം പാഠം

2023 ഏപ്രിൽ രണ്ടിനായിരുന്നു രണ്ടാം പരീക്ഷണം. ഇത് ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് നടത്തിയത്. ചിനൂക്ക് ആർ.എൽ.വി എൽ.ഇ.എക്സിനെ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിക്കുകയും,അവിടെ നിന്ന് മിഷൻ മാനേജ്‌മെന്റ് കംപ്യൂട്ടറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർ.എൽ.വിയെ സ്വതന്ത്രമാക്കുകയും ചെയ്തു. ഉയർന്ന വേഗത, ആളില്ലാതെ കൃത്യമായ ലാൻഡിങ് (വാഹനം ബഹിരാകാശത്തു നിന്ന് വന്നതുപോലെ) എന്നിങ്ങനെ ഒരു സ്‌പേസ് റീഎൻട്രി വെഹിക്കിൾ ലാൻഡിംഗിന്റെ കൃത്യമായ വ്യവസ്ഥകൾ അനുസരിച്ച്, സ്വതന്ത്രമായതിനുശേഷം ആർ.എൽ.വി ഓട്ടോണമസ് ലാൻഡിംഗ് നടത്തി.

ആദ്യപരീക്ഷണത്തിൽ വാഹനം ബംഗാൾ ഉൾക്കടലിനു മുകളിലൂടെയുള്ള ഒരു സാങ്കല്പിക റൺവേയിൽ ലാൻഡിംഗ് നടത്തിയതെങ്കിൽ,​ രണ്ടാം പരീക്ഷണത്തിൽ റൺവേയിൽത്തന്നെ കൃത്യമായ ലാൻഡിംഗ് നടത്താനായി. റീഎൻട്രി റിട്ടേൺ ഫ്‌ളൈറ്റ് ഓട്ടോണമസായി, ഉയർന്ന വേഗതയിൽ (മണിക്കൂറിൽ 350 കി.മീ) ലാൻഡിംഗ് നടത്തിയതിലൂടെ എൽ.ഇ.എക്സ് ദൗത്യം അവസാന അപ്രോച്ച് ഫേസ് കൈവരിച്ചു.

ഇനി റീഎൻട്രി

പരീക്ഷണം

ചിത്രദുർഗയ്ക്കു സമീപം ചലക്കരയിൽ,​ ഡി.ആർ.ഡി.ഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ കഴിഞ്ഞ ദിവസം (മാർച്ച് 22) നടന്നത് മൂന്നാം പരീക്ഷണമായിരുന്നു. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടർ ഉപയോഗിച്ച് ആർ.എൽ.വി എൽ.എക്സ്-2 എന്ന പുഷ്പക് റോക്കറ്റിനെ ഉയർത്തി ഭൂമിയിൽ നിന്ന് 4.5 കിലോമീറ്റർ മുകളിലെത്തിച്ച് സ്വതന്ത്രമാക്കി. താഴയ്ക്കു പതിച്ച പുഷ്പക് നാലു കിലോമീറ്റർ മുകളിൽവച്ച് സ്വയം പറക്കാൻ തുടങ്ങി. പിന്നീട് ദിശ സ്വയം നിർണയിച്ച് ഇറങ്ങേണ്ട സ്ഥലം കണ്ടെത്തി,​ ബ്രേക്ക് പാരച്യൂട്ടൂം, ലാന്റിംഗ് ഗിയർ ബ്രേക്കുകളും, നോസ് വീൽ സ്റ്റിയറിങ് സംവിധാനവും ഉപയോഗിച്ച് വിമാനത്തെപ്പോലെ സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്തു.

കഴിഞ്ഞതവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ താഴേക്കിട്ടതെങ്കിൽ,​ ഇത്തവണ അല്പം വശത്തേക്കു മാറിയായിരുന്നു അത്. ദിശാമാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്റിംഗ് ഗിയർ ഉൾപ്പടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമതയും അവസാന പരീക്ഷണത്തിൽ വിലയിരുത്തി. ഇനി ബഹിരാകാശത്തു പോയി,​ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റീഎൻട്രി ചെയ്യുന്ന പരീക്ഷണം ശേഷിക്കുന്നുണ്ട്. അതുകൂടി പൂർത്തിയായാൽ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കാം.

വിജയമേറുന്ന

പുഷ്പകം

ബഹിരാകാശ വിപണിയിൽ ചെലവു കുറഞ്ഞ സേവനങ്ങൾക്ക് പേരുകേട്ട ഐ.എസ്.ആർ.ഒ, വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്കു കീഴിലാകും. ഐ.എസ്.ആർ.ഒയുടെ കുതിപ്പിനെ ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇതു വിജയിച്ചാൽ റോക്കറ്റ് വിക്ഷേപണ ചെലവ് നിലവിലെ 150 കോടിയിൽ നിന്ന് 30 കോടിയായും,​ ഒരു ഉപഗ്രഹഹത്തിന്റെ വിക്ഷേപണ ചെലവ് കിലോഗ്രാമിന് 13 ലക്ഷത്തിൽ നിന്ന് 2.6 ലക്ഷമായും കുറയും. ഗഗൻയാൻ, സ്പെയ്സ് സ്റ്റേഷൻ പദ്ധതികളുമായി മുന്നേറുന്ന ഐ.എസ്.ആർ.ഒ വാണിജ്യ ഉപഗ്രഹവിക്ഷേപണ രംഗത്ത് ലോകത്ത് ഒന്നാമതാണ്. പുനരുപയോഗ റോക്കറ്റുകൂടി കൈപ്പിടിയിലാകുമ്പോൾ ഇന്ത്യയുടെ കുതിപ്പ് പ്രവചനാതീതമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PUSPAKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.